ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച കൊടിയേറും

Published : Feb 26, 2026, 10:16 PM IST
GURUVAYOOR TEMPLE

Synopsis

ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിക്കുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള ചടങ്ങുകളാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച കൊടിയേറും. ക്ഷേത്രത്തില്‍ രാവിലെ നടക്കുന്ന ആനയില്ലാ ശീവേലിക്കും ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആനയോട്ടത്തിനും ശേഷം രാത്രിയിലാണ് കൊടിയേറ്റം. സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിക്കുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള ചടങ്ങുകളാണ് ആനയില്ലാ ശീവേലിയും ആനയോട്ടവും.

രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഭഗവാന്റെ തിടമ്പ് മാറോട് ചേര്‍ത്ത് പിടിച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റെയും അകമ്പടിയില്‍ നടന്ന് ശീവേലി പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് ആനയില്ലാ ശീവേലി നടത്തുക. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. ദേവസ്വത്തിന്റെ 10 ആനകള്‍ ആനയോട്ടത്തില്‍ അണിനിരക്കും. മുന്നില്‍ നില്‍ക്കുന്ന മൂന്ന് ആനകളാണ് ഓടുന്നത്. ആദ്യം ഓടിയെത്തി ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

സന്ധ്യയ്ക്ക് 6.30ന് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കുറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തും. തുടര്‍ന്ന് മുളയറയില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിടും. സപ്തവര്‍ണ കൊടിക്കൂറയിലേക്ക് ദേവ ചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം കുംഭത്തിലെ പൂയം നാളില്‍ തന്ത്രി കൊടിയേറ്റം നടത്തും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്ത ജനങ്ങള്‍ക്കും രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നല്‍കും. ദിവസവും കാഴ്ച ശീവേലിക്ക് പ്രഗത്ഭരുടെ മേളം അകമ്പടിയാകും.

രാത്രിയില്‍ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേ നടയില്‍ എഴുന്നെള്ളിച്ച് വയ്ക്കും. പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിയിരിക്കുന്ന ഗുരുവായൂരപ്പന് മുന്നില്‍ തായമ്പക അവതരിപ്പിക്കാന്‍ തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്‍ വരെയെത്തും. ദിവസവും മൂന്ന് തായമ്പകയാണുണ്ടാവുക. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും രണ്ട് താല്‍ക്കാലിക സ്റ്റേജുകളിലുമായി വൈവിധ്യമുള്ള കലാപരിപാടികള്‍ അരങ്ങേറും. കൊടിയേറ്റത്തിനുശേഷം കലാമണ്ഡലത്തിന്റെ കഥകളിയോടെയാണ് കലാപരിപാടികള്‍ ആരംഭിക്കുക. ഭക്തിയും ഭക്ഷ്യസമൃദ്ധിയും കലാ മേളാസ്വാദനവുമായി ഇനിയുള്ള ദിനങ്ങളില്‍ ഭക്തര്‍ക്ക് ഉത്സവ ലഹരിയിലാവാം. എട്ടിന് പള്ളിവേട്ടയും ഒമ്പതിന് ആറാട്ടിനുശേഷം കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമാവും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തെ ആദ്യ പൊതു ഉടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ, ഉടൻ പ്രവർത്തനം തുടങ്ങും, പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്
ഭർത്താവിന്‍റെ അമ്മ ചിട്ടി പിടിച്ച പണം, മാലയും കൊലുസുമടക്കം 35 പവൻ; അടിച്ചുമാറ്റി വിദഗ്ധമായി മുങ്ങിയ യുവതി അറസ്റ്റിൽ