പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് ഏകദേശം 100 മീറ്ററോളം നീന്തിയാണ് കരയ്ക്കെത്തിച്ചത്. തുടർന്ന് മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് പെണ്‍കുട്ടിയെ ഉടൻ വാഹനത്തിൽ കയറ്റി ചാലക്കുടി മെഡിക്കൽ കോളജിൽ എത്തിച്ചു.
ആലുവ: പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി. കരുമാല്ലൂർ ചാലാക്ക പള്ളിയാമ്പൽ വീട്ടിൽ അജേഷ് (41) ആണ് സ്വന്തം ജീവൻ പോലും പണയം വെച്ച് പെൺകുട്ടിയെ രക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവം. പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ യുവതി മാഞ്ഞാലി പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടുകയായിരുന്നു.
സംഭവ സമയം യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്, മാഞ്ഞാലി പാലത്തിന് സമീപമെത്തിയപ്പോൾ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട ഡ്രൈവർ അജേഷ് വാഹനം നിർത്തി വിവരം അന്വേഷിച്ചു. തുടർന്ന് മറ്റൊന്നും ആലോചിക്കാതെ അജേഷ് നേരെ വെള്ളത്തിലേക്ക് ചാടി. പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് ഏകദേശം 100 മീറ്ററോളം നീന്തിയാണ് കരയ്ക്കെത്തിച്ചത്. തുടർന്ന് മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് പെണ്‍കുട്ടിയെ ഉടൻ വാഹനത്തിൽ കയറ്റി ചാലക്കുടി മെഡിക്കൽ കോളജിൽ എത്തിച്ചു.
നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത മനോവിഷമത്തെ തുടർന്നാണ് പെണ്‍കുട്ടി പുഴയിൽ ചാടിയതെന്നാണ് വിവരം. ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം അജേഷ് വീണ്ടും ബസെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക്. സ്വന്തം ജീവൻ പണയം വെച്ച് നടത്തിയ ഈ ഇടപെടലിന് അജേഷിന് അഭിനന്ദനപ്രവാഹമാണ്.
