കോഴിക്കോട്ടെ യോഗ കേന്ദ്രങ്ങള്‍ക്കും ജിമ്മുകള്‍ക്കും നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

Web Desk   | Asianet News
Published : Oct 16, 2020, 11:05 PM IST
കോഴിക്കോട്ടെ യോഗ കേന്ദ്രങ്ങള്‍ക്കും ജിമ്മുകള്‍ക്കും നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

Synopsis

ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ അടിസ്ഥാനമാക്കി  സ്ഥലം ആസൂത്രണം ചെയ്യണം. കാര്‍ഡിയോ, സ്ട്രെംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം...  

കോഴിക്കോട്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ ജിംനേഷ്യങ്ങള്‍ക്കും യോഗ കേന്ദ്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന  നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കി കോഴിക്കോട് ജില്ലാകലക്ടര്‍  എസ്. സാംബശിവറാവു ഉത്തരവിറക്കി. യോഗയും വ്യായാമവും ആരോഗ്യത്തിന്   പ്രധാനമായതിനാലാണ് ജിംനേഷ്യങ്ങളും യോഗ കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കുന്നത്. കൊവിഡ് -19 വ്യാപിക്കുന്നത് തടയാന്‍ കൊവിഡ് പ്രോട്ടോക്കോളും പ്രതിരോധ നടപടികളും നിര്‍ബന്ധമായും പാലിക്കണം. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം ഉണ്ടാവാന്‍ പാടില്ല.  

യോഗ സ്ഥാപനങ്ങളിലെയും  ജിംനേഷ്യങ്ങളിലെയും ജീവനക്കാര്‍, അംഗങ്ങള്‍, സന്ദര്‍ശകര്‍ എന്നിവര്‍ തമ്മിലുള്ള  ശാരീരിക ബന്ധങ്ങള്‍ കുറയ്ക്കുന്നതിന്  സാമൂഹിക അകലവും മറ്റ് പ്രതിരോധ, സുരക്ഷാ നടപടികളും കൃത്യമായി പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ  യോഗ സ്ഥാപനങ്ങള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.  ബ്രെയിക്ക് ദി ചെയിനിന്റെ ഭാഗമായി സോപ്പ്, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടാവണം. 65 വയസ്സിന് മുകളിലുള്ളവര്‍, രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പ്രവേശനമുണ്ടാവില്ല. വ്യക്തികള്‍ തമ്മില്‍ ആറടി ദൂരം നിലനിര്‍ത്തണം. ഫെയ്സ് കവറുകള്‍, മാസ്‌കുകള്‍  എന്നിവ എല്ലായ്പ്പോഴും ഉപയോഗിക്കണം. 

കൈകള്‍ കുറഞ്ഞത് 40-60 സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കഴുകുക. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഓരോ പ്രാവശ്യവും 20 സെക്കന്‍ഡ് എങ്കിലും ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ പേപ്പറുകള്‍, തൂവാല എന്നിവ കൃത്യമായി ഉപയോഗിക്കുകയും ഉപയോഗശേഷം ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും വേണം. ആരോഗ്യം സ്വയം നിരീക്ഷിക്കുകയും  അസുഖം തോന്നിയാല്‍ എത്രയും വേഗം സംസ്ഥാന, ജില്ലാ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. 

ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ അടിസ്ഥാനമാക്കി  സ്ഥലം ആസൂത്രണം ചെയ്യണം. കാര്‍ഡിയോ, സ്ട്രെംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. ഉപകരണങ്ങള്‍ തുറസ്സായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ച് ഉപയോഗിക്കുക. വ്യായാമ മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനുമായി പ്രത്യേകം  വഴികള്‍ ഒരുക്കണം. നിര്‍ബന്ധമായും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ സന്ദര്‍ശകരുടെ രജിസ്റ്റര്‍ സൂക്ഷിക്കണം.

സ്പാ, സ്റ്റീം ബാത്ത്, നീന്തല്‍ക്കുളം എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. വ്യക്തിഗത പരിശീലന സെഷനുകളില്‍ പരിശീലകനും വ്യക്തിയും തമ്മില്‍ ആറ് അടി ദൂരം ഉറപ്പാക്കണം. ഉപയോഗത്തിനു മുമ്പും ശേഷവും വ്യായാമ ഉപകരണങ്ങള്‍ വൃത്തിയാക്കുകയും  അണുവിമുക്തമാക്കാന്‍  ആവശ്യമായ  വസ്തുക്കള്‍ ഉപയോഗിക്കുകയും വേണം.  വ്യായാമത്തിന് മുമ്പ് അംഗങ്ങളുടെ ഓക്സിജന്‍ സാച്ചുറേഷന്‍ രേഖപ്പെടുത്തുന്നതിന് പള്‍സ് ഓക്സിമീറ്ററിന്റെ ലഭ്യത ഉറപ്പാക്കണം.കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്ന ജീവനക്കാര്‍  സ്ഥാപനത്തില്‍ വരാന്‍ പാടില്ല. കേന്ദ്രങ്ങള്‍ അടയ്ക്കുന്ന സമയത്ത് ഷവര്‍ റൂമുകളും ലോക്കറുകളും ഡ്രസ്സ് മാറുന്ന സ്ഥലങ്ങളും വാഷ്‌റൂമുകളും ഉള്‍പ്പടെയുള്ള മുഴുവന്‍ സ്ഥലങ്ങളും ശരിയായി അണുനശീകരണം നടത്തണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കുംതളിക പ്രദര്‍ശനം, ഇതിവിടെ പറ്റില്ലെന്ന് യാത്രക്കാരി, വേണമെന്ന് മറ്റുചിലര്‍, ടിവി ഓഫ് ചെയ്തു
മല കയറുന്നതിനിടെ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു