
മൂന്നാർ : ഇടുക്കിയിലെ ഒരു തേയിലത്തോട്ടം കൂടെ അടച്ചു പൂട്ടി. തൊഴിലാളികൾക്ക് രണ്ടു മാസത്തെ ശമ്പളം പോലും നൽകാതെയാണ് ഏലപ്പാറയിലുള്ള ഹെലിബറിയ ടീ കമ്പനിയുടെ തോട്ടങ്ങൾ അടച്ചത്. ഇതോടെ തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്.
ഹെലിബറിയ, സെമിനിവാലി, ചിന്നാർ, വള്ളക്കടവ് എന്നീ നാല് ഡിവിഷനുകളാണ് ഹെലിബറിയ തേയിലത്തോട്ടത്തിനുള്ളത്. എണ്ണൂറോളം സ്ഥിരം തൊഴിലാളികൾക്കൊപ്പം നൂറുകണക്കിനും അതിഥി തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. വ്യാഴാഴ്ച്ച മുതലാണ് കമ്പനിയുടെ പ്രവർത്തനം നിലച്ചത്. കഴിഞ്ഞ ദിവസം തൊഴിലാളികൾ ശമ്പളം ആവശ്യപ്പെട്ട് മാനേജരെ സമീപിച്ചപ്പോഴാണ് തോട്ടം പൂട്ടിയ വിവരം തൊഴിലാളികൾ അറിഞ്ഞത്.
തുടർന്ന് തൊഴിലാളി ട്രേഡ് യുണിയൻ നേതാക്കൾ തോട്ടം മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയെങ്കിലും ശമ്പളം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായില്ല. ജോലിയിൽ നിന്നും പിരിഞ്ഞു പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങിയിരിക്കുകയാണ്. തൊഴിലാളികളിൽ നിന്നും പിരിച്ച 58 മാസത്തെ തുക പ്രോവിഡൻറ് ഫണ്ടിൽ കമ്പനി അടച്ചിട്ടില്ല.
അതേ സമയം കമ്പനിയുടെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നാണ് പ്രതിനിധികൾ പറയുന്നത്. ഈ സാഹചര്യം മറികടക്കാൻ തൊഴിലാളികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും സമവായമായില്ല. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ തന്നെ തോട്ടം തുറക്കുമെന്നാണ് മാനേജ്മെൻറിൻറെ വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam