ഭിന്നശേഷിക്കാരന്‍ ജനറല്‍ സീറ്റില്‍ ഒപ്പമിരുന്നു; പൊലീസില്‍ പരാതിയുമായി യുവതി

By Web TeamFirst Published Jun 26, 2019, 12:37 PM IST
Highlights


കെഎസ്ആർടിസി ബസിലെ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റില്‍ ഭിന്നശേഷിക്കാരന്‍  ഇരിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത് യുവതി. ഇതേ തുടര്‍ന്ന് വാക്കേറ്റം. ഒടുവില്‍ പൊലീസില്‍ പരാതി. 

കായംകുളം: കെഎസ്ആർടിസി ബസിലെ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ  ഒപ്പം ഇരുന്നതിന് സഹയാത്രികനെതിരെ യുവതി പരാതി നല്‍കി. കുട്ടനാട് ചമ്പക്കുളം വൈശ്യംഭാഗം സ്വദേശി മനുപ്രസാദിന് (33) എതിരെ കായംകുളം സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനിയാണ് പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. 

ചങ്ങൻകുളങ്ങര ഭാഗത്ത് നിന്നും കയറിയ വലതുകാലിന് വൈകല്യമുള്ള മനുപ്രസാദ്,  മൂന്ന് പേര്‍ക്കിരിക്കാവുന്ന ഒഴിഞ്ഞു കിടന്ന ജനറല്‍ സീറ്റിൽ ഇരുന്നു. ഇതേ സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതി, ഇതേതുടര്‍ന്ന് മനുവിനോട് കയർത്ത് സംസാരിച്ചു. എന്നാല്‍ മറ്റ് യാത്രക്കാര്‍ യുവാവിനൊപ്പം നിന്നു. 

ഭർത്താവിനെ ഫോണ്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് കായംകുളം സ്റ്റാൻഡിലെത്തി ബഹളമുണ്ടാക്കി. എന്നാല്‍ ഇതിനോടകം ബസ്,  സ്റ്റാന്‍ഡില്‍ നിന്നും പോയിരുന്നു. തുടർന്ന് ഇയാള്‍ കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.  

പരാതിയെത്തുടര്‍ന്ന് ഹൈവേ പൊലീസ് ഹരിപ്പാട് സ്റ്റാൻഡിൽ വച്ച് ബസ് തടയുകയും യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.  ഭിന്നശേഷിക്കാരനും നിരപരാധിയുമായ യുവാവിനെ കസ്റ്റഡിയിൽ എടുത്തതിൽ ബസിലെ യാത്രക്കാര്‍ പ്രതികരിച്ചു. ഇത് മറ്റ് യാത്രക്കാര്‍ മെബൈലില്‍ ചിത്രീകരിച്ചു. ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

രാത്രിയായതിനാല്‍ ഇരുവരെയും വിട്ടയച്ച പൊലീസ് യുവതിയോട് ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ വന്നില്ല. ഇതോടെ പൊലീസ് മനുവിനെ വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് കായംകുളം പൊലീസ് പറഞ്ഞു.

 

 

click me!