
മൂന്നാർ: പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിലെ രണ്ട് തൂക്കുപാലങ്ങൾ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018 ലാണ് പഴയ മൂന്നാര്‍ വര്‍ക്ക് ഷോപ്പ് ക്ലെബിന് സമീപത്തെ പാലവും ഹൈറേഞ്ച് ക്ലെബിന് സമീപത്തെ മറ്റൊരു തൂക്കൂപാലവും തകര്‍ന്നത്. പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാതെ വന്നതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തേണ്ട അവസ്ഥയാണ് ഉള്ളത്.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച തൂക്കുപാലങ്ങളാണ് തകർന്നത്. കമ്പനി തൊഴിലാളികള്‍ക്ക് വേഗത്തില്‍ വീട്ടിലെത്തുന്നതിനും അതുവഴി സമയം ലാഭിക്കുന്നതിനുമാണ് പഴയമൂന്നാറിലെ വര്‍ക്ക്ഷോപ്പ് ക്ലെബിന് സമീപത്തും ഹൈറേഞ്ച് ക്ലെബിന് സമീപത്തും ബ്രിട്ടീഷുകാര്‍ തൂക്കുപാലങ്ങൾ നിര്‍മ്മിച്ചത്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബ്രിട്ടീഷുകാർ നിര്‍മ്മിച്ച പാലം കൌതുകമായിരുന്നു. എന്നാല്‍ 2018 ലുണ്ടായ പ്രളയത്തില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ പാലങ്ങള്‍ പൂര്‍ണ്ണമായി ഒലിച്ചുപോയി. ഇതോടെ സമീപവാസികള്‍ക്ക് ടൗണിലും ജോലിസ്ഥലങ്ങളിലും എത്തിപ്പെടാന്‍ കിലോ മീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയായി. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും പാലമില്ലാത്തത് തിരിച്ചടിയായി. പ്രളയത്തില്‍ തകര്‍ന്ന ഭാഗങ്ങളും പാലവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യറാക്കി ഫണ്ടുകള്‍ വകയിരുത്തിയെങ്കിലും മൂന്നാറില്‍ ഇത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മാണങ്ങള്‍ ആരംഭിച്ചിട്ടില്ല. പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.