
ആലപ്പുഴ: ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലം കൽപകവാടി ഹോട്ടലിന് സമീപം ടെംമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടം.
പൂക്കോട്ടൂർ പിലാക്കൽ സ്വദേശികളായ വാന്‍ ഡ്രൈവർ ഫസിൽ (25), ആഷിഖ് അലി (18), ബഷീർ (54), ആസിഫ് അലി (28), ഫൈസൽ (36), റിയാസ് (36), മൻസൂർ (36), സവാദ് (29), ഉമർ (44), ഷിഹാബുദ്ദീൻ (36), സൽമാൻ (16), കുഞ്ഞുമുഹമ്മദ് (56) എന്നിവർക്കാണ് പരിക്കേറ്റത്.
കൊല്ലത്ത് നടക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസാ അധ്യാപക വാർഷികസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മലപ്പുറത്ത് നിന്ന് യാത്രക്കാരുമായി വന്നതായിരുന്നു ട്രാവലർ. എതിർദിശയിൽ നിന്നുവന്ന മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറുമായി കൂട്ടിയിടിച്ച് ട്രാവലർ നിയന്ത്രണംതെറ്റി താഴ്‌ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
പരിക്കേറ്റവരെ ഉടൻ തന്നെ ഹരിപ്പാട് താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ഏഴ് പേരേ തുടർ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സവാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനെട്ട് യാത്രക്കാരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam