ഫാമിൽ കയറി 4500ലധികം കാടകളെ കാട്ടുജീവികൾ കടിച്ചുകൊന്നു

Web Desk   | Asianet News
Published : Dec 29, 2019, 09:22 PM IST
ഫാമിൽ കയറി 4500ലധികം കാടകളെ കാട്ടുജീവികൾ കടിച്ചുകൊന്നു

Synopsis

ഫാമില്‍ വളര്‍ത്തിയ 4500ലധികം കാടകളെ കാട്ടുജീവികള്‍ ആക്രമിച്ച് കൊന്നു. 

കോഴിക്കോട്: കാട ഫാമിൽ കയറി നാലായിരത്തി അഞ്ഞൂറിൽപ്പരം കാടകളെ കാട്ടു ജീവികൾ കടിച്ചുകൊന്നു. താമരശ്ശേരി തേറ്റാമ്പുറം വടക്കെ പറമ്പിൽ ബിനീഷിന്‍റെ കാട ഫാമിന്‍റെ ഇരുമ്പുകമ്പിവല തകർത്ത് അകത്തു കയറിയ കാട്ടുജീവികളാണ് കാടകളെ കടിച്ചുകൊന്നത്. 

ഞായറാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷമാണ് സംഭവം. അഞ്ചു മാസങ്ങൾക്കു മുമ്പ് സ്വയം തൊഴിലെന്ന നിലയിൽ ബിനീഷ് വടക്കെ പറമ്പിൽ വീടിനോട് ചേർന്ന സ്ഥലത്ത് ആയിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഷെഡ്ഡ് പണിത് ആരംഭിച്ച കാടകൃഷി ഇതോടെ പ്രതിസന്ധിയിലായി. കാടകളുടെ കൂട്ടക്കുരുതി യുവാവിന്റെ ജീവിത സ്വപ്നങ്ങൾ തകർത്തു. പതിവുപോലെ രാത്രി പന്ത്രണ്ട് മണിക്ക് ഫാമിലെത്തി കാടകൾക്ക് തീറ്റ നൽകി ഉറങ്ങാൻ പോയ ബിനീഷ് ഞായറാഴ്ച രാവിലെ വിവാഹ പാർട്ടിക്ക് വേണ്ടി നൂറ്റി അൻപത് കാടകളെ കൊടുക്കാൻ പുലർച്ചെ നാലുമണിക്ക് ഫാമിലെത്തിയപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. മുപ്പത് ദിവസത്തോളം തീറ്റിപ്പോറ്റിയ  കാടകൾ തലങ്ങും വിലങ്ങുമായി ചത്തു കിടക്കുന്നു. പ്രാണഭീതിയിൽ ഓടിപ്പോയ ഏതാനും കാടകൾ പരിസരങ്ങളിൽ കരഞ്ഞു നടക്കുന്നു. രണ്ടു ഭാഗങ്ങളിലായി ഇരുമ്പുവല തകർത്താണ് ജീവികൾ അകത്തു കടന്നത്.

ഫാമിന്റെ പരിസരത്തെ പറമ്പുകളിൽ  മെരു, കീരി, കാട്ടുപൂച്ച തുടങ്ങിയ ജീവികൾ ഉള്ളതായി ബിനീഷ് പറയുന്നു. അതിനാൽ രാത്രി കാലങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു. ആകെ ഉണ്ടായിരുന്ന 5000 കാടകളിൽ 4650 എണ്ണവും ചത്തൊടുങ്ങി.ഒരു ദിവസം പ്രായമായ കാടകളെ വാങ്ങി മുപ്പത് ദിവസക്കാലം തീറ്റയും പരിചരണവും നൽകിയാണ് വളർത്തി വരുന്നത്. മുപ്പത് ദിവസമാകുമ്പോഴേയ്ക്കും ഇറച്ചി ആവശ്യത്തിന് കടക്കാർക്കും, വിവാഹ, സൽക്കാര ആവശ്യക്കാർക്കും നേരിട്ടു കൊടുക്കാറാണ് പതിവ്. ഒന്നിന് 30 രൂപ മുതൽ 35 രൂപ വരെ വില ലഭിക്കും. കുറെ തുക കടകളിൽ കടമായി മുടങ്ങിക്കിടക്കും. പോറ്റു ചെലവും, കൂലിയും കഴിച്ചു കിട്ടുന്ന വരുമാനത്തിലൂടെ ജീവിതം നയിച്ചുവന്ന ബിനീഷിന് നേരിട്ട ഈ ദുരന്തം വലിയ സാമ്പത്തിക  പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

 മൃഗസംരക്ഷണ വകുപ്പിലും , വനംവകുപ്പിലും വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പത്തിക നഷ്ടം പരിഹരിക്കാൻ തിങ്കളാഴ്ച ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വിശദമായ പരാതി നൽകുമെന്ന് ബിനീഷ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, അയൽസഭ കൺവീനർ എം.ബാലഗോപാലൻ നായർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് തേവള്ളി, വി.പി.ബാബുരാജ്, എൻ.കെ.ഷാജു തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം