
ഹരിപ്പാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെത്തുടര്‍ന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റിനെ തീരുമാനിക്കുന്നതിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാതെ വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ സീനിയറും തൃക്കുന്നപ്പുഴ ഡിവിഷനില്‍ നിന്നും വിജയിച്ച മുഹമ്മദ് അസ്ലമിനെ ഒഴിവാക്കി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ വി കെ നാഥനെ പ്രസിഡന്‍റാക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. കെ സി വേണുഗോപാല്‍ വിഭാഗക്കാരനാണ് മുഹമ്മദ് അസ്ലം. യുഡിഎഫ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വി കെ നാഥനെ പ്രസിഡന്‍റാക്കിയതെന്ന് ആക്ഷേപമുണ്ട്. യുഡിഎഫില്‍നിന്ന് ജയിച്ച നാല് വനിതാ അംഗങ്ങള്‍ക്കും രമേശ് ചെന്നിത്തല വൈസ് പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, പള്ളിപ്പാട് ഡിവിഷനില്‍നിന്ന് വിജയിച്ച അശ്വതിയെ വൈസ് പ്രസിഡന്‍റ് ആക്കണമെന്ന നിര്‍ദേശം വന്നതോടെ മറ്റ് മൂന്നുപേര്‍ രാജിഭീഷണി മുഴക്കി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ മണ്ഡലത്തില്‍ രമേശ് ചെന്നിത്തല - കെ സി വേണുഗോപാല്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെ ഇത് പരസ്യമായ പോരിലേക്ക് എത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam