ക്രിക്കറ്റ് ഗ്രൗണ്ടിലെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ അടിച്ച് കൊന്നു; പ്രതികൾ കുറ്റക്കാര്‍, വിധി നാളെ

By Web TeamFirst Published Oct 8, 2020, 9:08 PM IST
Highlights

കളിസ്ഥലത്ത് പരസ്യമായ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ഹരിപ്പാട് പള്ളിപ്പാട് ശരത് നിവാസിൽ രാമചന്ദ്രന്റെ ഏകമകൻ ശരത്ചന്ദ്രനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

ആലപ്പുഴ: ക്രിക്കറ്റ്  ഗ്രൗണ്ടിലെ മദ്യപാനം ചോദ്യം ചെയ്തതിന് സ്റ്റമ്പ് ഉപയോഗിച്ച്  യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരും കുറ്റക്കാരാണെന്ന് ജില്ലാ അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. കേസിന്റെ വിധി നാളെ പറയും. 

കളിസ്ഥലത്ത് പരസ്യമായ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ഹരിപ്പാട് പള്ളിപ്പാട് ശരത് നിവാസിൽ രാമചന്ദ്രന്റെ ഏകമകൻ ശരത്ചന്ദ്രനെ(ശംഭു-19) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പള്ളിപ്പാട് പിലാപ്പുഴ മുല്ലശ്ശേരി തറയിൽ ശ്യാംദാസ്(33),സഹാദരൻ ശാരോൺ ദാസ്(31) സുഹൃത്തുക്കളായ നീണ്ടൂർ ഹരീഷ്ഭവനത്തിൽ ഹരീഷ്(33), പള്ളിപ്പാട് തോപ്പിൽ സുനിൽ കുമാർ(37)എന്നവരാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എൻ.സീത കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

2011മാർച്ച് 14ന് പള്ളിപ്പാട് പൊയ്യക്കരയിലായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് അക്രമണം(324), ഗുരുതരമായി പരിക്കേൽപ്പിക്കുക(326), കൊലപാതകം(302), പൊതുഉദ്യേശത്തോടെയുള്ള ഗൂഡാലോചന(34), പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുക(212) എന്നീകുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കൊവിഡ് പരിശോധന നടത്തി നാളെ കോടതിയിൽ ഹാജരാക്കും വരെ പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിലേയ്ക്ക് മാറ്റി. 

ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 22സാക്ഷികളെ വിസ്തരിച്ചതിൽ നാല് സാക്ഷികൾ കൂറുമാറി. 52തെളിവുകൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്‌ളിക് പ്രോസിക്യൂട്ടർ പി.പി.ഗീത, അഡ്വ. പി.പി.ബൈജൂ, അഡ്വ. ആര്യാസദാശിവൻ എന്നിവർ ഹാജരായി.     

click me!