എറണാകുളം റൂറൽ പരിധിയിൽ പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ച 116 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ച 59 പേരും മയക്കുമരുന്ന് ഉപയോഗിച്ച എട്ടുപേരും പിടിയിലായി.
കൊച്ചി: എറണാകുളം റൂറൽ പരിധിയിൽ പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ച 116 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ച 59 പേർക്കും പിടി വീണു. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എട്ട് കേസാണ് രജിസ്റ്റർ ചെയ്തത്. ഇക്കാര്യങ്ങൾ ഒഴികെ റൂറൽ ജില്ലയിലെ ആഘോഷങ്ങൾ സമാധാനപരമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിൽ 1200 ഓളം പൊലീസുകാരെയാണ് പുതുവത്സര ഡ്യൂട്ടിയ്ക്ക് റൂറൽ ജില്ലയിൽ വിന്യസിച്ചത്.
പ്രത്യേക പട്രോളിംഗ് സംഘങ്ങൾ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരീക്ഷണം നടത്തി. മഫ്ടിയിലും പൊലീസുകാരുണ്ടായിരുന്നു. ടൂറിസ്റ്റ് പ്രദേശങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ജില്ലാ അതിർത്തികളിൽ പ്രത്യേക ടീം പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ആഘോഷം നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികൾ വഴിയുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടായിരുന്നു.


