
കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നു വെച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പൊലീസ് ഇന്ന് അപ്പീല്‍ നല്‍കും. സംസ്ഥാന തല അപ്പീല്‍ കമ്മറ്റിക്കാണ് അപ്പീല്‍ സമര്‍പ്പിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രകിയക്കിടയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റില്‍ കുടുങ്ങിയതെന്ന പൊലീസിന്‍റെ കണ്ടെത്തല്‍ ജില്ലാ തല മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീലുമായി മുന്നോട്ട് പോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അപ്പീല്‍ അതോറിറ്റിയുടെ തീരുമാനം പ്രതികൂലമായാലും അന്വേഷണ സംഘത്തിന് നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്. ഹര്‍ഷിന നല്‍കിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നത്.
അതിനിടെ നീതി തേടിയുള്ള സമരവുമായി തലസ്ഥാനത്തേക്ക് എത്താൻ ഹർഷിന തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 16 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ നടത്താനാണ് തീരുമാനം. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹർഷിന വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കുറ്റക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഹർഷിനയുടെ ആരോപണം. നീതി തേടിയുള്ള സമരം മൂന്ന് മാസത്തോളമാകുമ്പോഴാണ് ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്താൻ തീരുമാനിച്ചിത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയതോടെ ആരോഗ്യ വകുപ്പിലുള്ള ഹർഷിനയുടെ വിശ്വാസം നഷ്ടമായിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോർട്ടിൽ സത്യം വെളിപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്ന് ഹർഷിന പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുടുങ്ങിയതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ജില്ലാ മെഡിക്കൽ ബോർഡ് നിലപാടെടുത്തത്. പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളുകയും ചെയ്തിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരം നടത്തിയ ശേഷം മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമത്തിലാണ് ഹർഷിന. അതിനിടെ വയനാട്ടിലെത്തിയെ എം പി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ഹർഷിന തന്‍റെ ദുരിതം പറയുകയും ചെയ്തിരുന്നു. രാഹുലിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam