
കൊച്ചി: ഹർത്താലിനിടെ കൊച്ചിയിൽ സ്വകാര്യ ബസിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ കസ്റ്റഡിയിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആർ രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ ജെ തോമസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
എറണാകുളം സെക്കന്‍റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് ഉടലെടുത്തത്.
സംസ്ഥാനത്തുടനീളം ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികൾക്ക് നേരെയും ആക്രമണമുണ്ടായി. അർധരാത്രി പ്രഖ്യാപിച്ച മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു.
അതേസമയം മിന്നൽ ഹർത്താലുകൾക്കെതിരെ രൂക്ഷ പ്രതികരണമാണ് ഹൈക്കോടതി നടത്തിയത്. സ്വമേധയാ കേസെടുത്ത ഡിവിഷൻ ബെഞ്ച്, ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്നുപേർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും ഉത്തരവിട്ടു. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാനും കോടതി നിർദ്ദേശിച്ചു.
ഹർത്താലിൽ അക്രമം ഉണ്ടായാൽ അതിന്‍റെ ദൃശ്യങ്ങൾ കൈമാറണമെന്നും കോടതി നിർദേശിച്ചു. മിന്നൽ ഹർത്താലുകൾ വാർത്തയാക്കുമ്പോൾ ഇത് നിയമവിരുദ്ധമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam