
മംഗളൂരു: പതിമൂന്നാം വയസ്സിൽ വീട് വിട്ടിറങ്ങിയ ഒരാൾ 62 വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം വീട്ടിലെത്തി. മംഗളൂരു ബണ്ട്വാളിലെ നരികൊമ്പു ഗ്രാമത്തിലേക്കാണ് സഞ്ജീവ പൂജാരി (75) തിരിച്ചെത്തിയത്. തന്റെ 13-ാം വയസ്സിലാണ് സഞ്ജീവ പൂജാരി ജോലി തേടി താനിയപ്പ എന്ന നാട്ടുകാരനോടൊപ്പം മുംബൈയിലേക്ക് തിരിച്ചത്. കാലക്രമേണ, നാടും വീടുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിനിടെ വീട്ടുകാർ അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സഞ്ജീവ പൂജാരിയെക്കുറിച്ച് വീട്ടുകാരും നാട്ടുകാരും പൂർണമായി മറന്നിരുന്നു. അതിനിടെക്കാണ് ഏവരെയും ഞെട്ടിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇയാൾ ജന്മനാടായ നരികൊമ്പുവിൽ പ്രത്യക്ഷപ്പെട്ടു. ആരും തിരിച്ചറിയാതിരുന്നതോടെ, സ്വയം പരിചയപ്പെടുത്തുകയും തന്റെ ജ്യേഷ്ഠന്റെ പേര് ചോദിക്കുകയും ചെയ്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി. സഞ്ജീവിന്റെ അപ്രതീക്ഷിത സന്ദർശനം കുടുംബാംഗങ്ങളെ സ്തബ്ധരാക്കി. ഇത്രയും കാലം മുംബൈയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവുമൊടുവിൽ ഒരു ലോറി കമ്പനിയിൽ ജോലി ലഭിച്ചു. പക്ഷേ 60 വയസ്സ് തികഞ്ഞതിനുശേഷം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം ചെറിയ ചെറിയ ജോലികൾ ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. എന്നാൽ ഹോട്ടൽ ഉടമ അദ്ദേഹത്തിന് ശമ്പളം നൽകാൻ വിസ്സമ്മതിച്ചതോടെ പ്രതിസന്ധിയിലായി. നിരാശനായ സഞ്ജീവ ജൂൺ 4 ന് മുംബൈയിൽ നിന്ന് ഒരു ബസ് കയറി മംഗളൂരുവിലെത്തി. അവിടെ നിന്ന് പനേമംഗലൂരിലേക്ക് യാത്ര ചെയ്ത് ഒടുവിൽ ജന്മനാടായ നരികൊമ്പുവിൽ എത്തി. ആറ് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് നാട്ടുകാരെയും കുടുംബത്തെയും അത്ഭുതപ്പെടുത്തി.