
ഇടുക്കി: ഇടമലക്കുടിയിലെ സ്‌കൂളിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ പണം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍ പാചകക്കാരിയുടെ പേരില്‍ വ്യാജബില്ല് തയ്യറാക്കി പ്രധാനാധ്യാപകന്‍ തട്ടിയത് 84,000 രൂപ. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ രവിചന്ദ്രന്‍, സ്വന്തം ഭാര്യ കവിതാ രവിചന്ദ്രന്‍റെ പേരിലാണ് വ്യാജ ബില്ല് തയ്യറാക്കിയാണ് ലക്ഷങ്ങള്‍ തട്ടിയത്. ഏതാണ്ട് നാലരലക്ഷത്തോളം രൂപ ഈയിനത്തല്‍ ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി സജു സാമുവേല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
കൂടാതെ പഞ്ചായത്ത് ഭരണസമിതിയറിയാതെ സ്കൂളില്‍ സ്വന്തമായി ജീവനക്കാരിയെ നിയമിച്ച് ദിവസം 400 രൂപയെന്ന കണക്കില്‍ മാസം 10,000 -ളം രൂപയുടെ വ്യാജ ബില്ല് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇടമലക്കുടി പഞ്ചായത്ത് സെക്രട്ടറി സജു സാമുവേല്‍ ബന്ധപ്പെട്ട വകുപ്പിന് പരാതി നല്‍കി. പോഷകാഹാരക്കുറവ് മൂലം ആദിവാസി കുടികളില്‍ ശിശുമരണങ്ങള്‍ നടക്കുമ്പോഴാണ് ട്രൈബല്‍ സ്കൂള്‍ പ്രധാന അധ്യാപകന്‍ സ്കൂള്‍ ഭക്ഷണപദ്ധതിയില്‍ നിന്ന് പണം തട്ടിയത്.
മുളകുതറ കുടിയിലും സൊസൈറ്റിക്കുടിയിലുമാണ് നിലവില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. മുളകുതറ കുടിയിലെ സ്കൂളില്‍ 34 വിദ്യാര്‍ത്ഥികളും സൊസൈറ്റിക്കുടി സ്കൂളില്‍ 42 വിദ്യാര്‍ത്ഥികളുമാണ് പഠിക്കുന്നത്. മുളകുതറ സ്‌കൂളില്‍ സര്‍ക്കാറിന്‍റെ പ്രത്യേക ഉത്തരവിലൂടെ പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട്. സൊസൈറ്റിക്കുടിയില്‍ ഒരു നേരം മാത്രമേ ഭക്ഷണമുള്ളൂ. എന്നിട്ടും മുളകുതറ കുടിയില്‍ ഒരു വര്‍ഷത്തെ ചിലവ് 47,000 രൂപയാണ്. എന്നാല്‍ സൊസൈറ്റിക്കുടിയില്‍ ചിലവഴിച്ചത് അഞ്ച് ലക്ഷത്തിലധികം രൂപയാണ്.
വിദ്യാലയത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയവകയിലും ഇയാള്‍ വന്‍ അഴിമറി നടത്തിയെന്ന് ആരോപണമുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍ പലചരക്ക് വാങ്ങേണ്ടത് സപ്ലേക്കോയില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വില്പന കേന്ദ്രത്തില്‍ നിന്നോ ആയിരിക്കണമെന്നിരിക്കേ മൂന്നാറിലെ ഓള്‍മാര്‍ട്ടെന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ പേരില്‍ ലക്ഷങ്ങളുടെ ബില്ലാണ് ഇയാള്‍ ട്രഷറിയില്‍ നിന്നും മാറിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചിട്ടി നടത്തി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെ രവിചന്ദ്രനെതിരെ പൊലീസ് കേസ് ഉണ്ടായിരുന്നു. അവിടെ നിന്നാണ് രവിചന്ദ്രന്‍ ഇടമലക്കുടി സൊസൈറ്റിക്കുടി സ്കൂളിലെത്തുന്നത്. ഇവിടെ നിന്ന് രണ്ട് വ്യാജ ബില്ലുകളാണ് ഇയാള്‍ പണം മാറാനായി പഞ്ചായത്തില്‍ സമര്‍പ്പിച്ചത്. നേരത്തെ ഡിജിപിയുടെ വാഹനത്തിന്‍റെ പേരില്‍ വ്യാജബില്ലുണ്ടാക്കി പണം തട്ടിയ കേസില്‍ സസ്പെന്‍ഷനിലായ പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻറെ കാലത്താണ് രവിചന്ദ്രന്‍റെ ബില്ലുകളത്രയും ഇടമലക്കുടി പഞ്ചായത്തില്‍ നിന്ന് പാസാക്കിയത്.
നിലവില്‍ സ്‌കൂളില്‍ കഞ്ഞിവെയ്ക്കുന്നതിന് ഒരു കുടിനിവാസിയെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് മുന്നുമാസമായി ഇയാള്‍ ശമ്പളം നല്‍കിയിട്ടില്ല. മാത്രമല്ല, ഒരു ദിവസം ഇവര്‍ക്ക് 100 രൂപയാണ് ഇയാള്‍ നല്‍കാമെന്നേറ്റതത്രേ. പഞ്ചായത്തിന്‍റെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് കുടികളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് രവിചന്ദ്രന്‍ സൊസൈറ്റിക്കുടിയിലെ സ്കൂളില്‍ പ്രവര്‍ത്തിച്ചതെന്ന് അധിക്യതര്‍ തന്നെ സമ്മതിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam