തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഫുഡ് ഇൻസ്‌പെക്ടറെ ആറ്റിൽ കാണാതായി

By Web TeamFirst Published Aug 9, 2020, 10:38 PM IST
Highlights

ഇദ്ദേഹത്തോടൊപ്പം ജോലി നോക്കിയിരുന്ന ആളുടെ പിതാവിന്  കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിലെ പ്രാഥമിക സമ്പർക്കത്തിൽ ഉള്ള ആളുമായി ഇടപെടൽ ഉണ്ടായിരുന്നതും തനിക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊവിഡ് ആണോ എന്ന ആശങ്കയും ഉണ്ടായിരുന്നുവെന്ന് കത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഫുഡ് ഇൻസ്‌പെക്ടറെ ആറ്റിൽ കാണാതായി. കുണ്ടമൺ കടവ്  നീലചാംകടവിൽ കൃഷ്ണകൃപയിൽ കൃഷ്ണകുമാർ (54) നെയാണ് ഞായറാഴ്ച പുലർച്ചെ കാണാതായത്. രാവിലെ വീട്ടിൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ ഒന്നര മണിയോടെ വീടിന് വെളിയില്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയത്. വീട്ടിൽ നിന്നം  ഇദ്ദേഹം  എഴുതി വച്ചിരുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. 

പിന്നീട് നടത്തിയ തെരച്ചിലില്‍ കുണ്ടമണ്‍ കടവിന് സമീപത്തു നിന്നും ഇദ്ദേഹത്തിന്റെ ചെരുപ്പുകൾ കണ്ടെത്തുകയായിരുന്നു.  ഇതോടെ കൃഷ്ണകുമാര്‍ ആറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ വീട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ  പോലീസും അഗ്നിരക്ഷാ സേനയും തെരച്ചിൽ നടത്തി. വൈകുന്നേരം വരെ സ്‌കൂബ ടീം ആറ്റിൽ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച വീണ്ടും തെരച്ചിൽ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇദ്ദേഹത്തോടൊപ്പം ജോലി നോക്കിയിരുന്ന ആളുടെ പിതാവിന്  കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിലെ പ്രാഥമിക സമ്പർക്കത്തിൽ ഉള്ള ആളുമായി ഇടപെടൽ ഉണ്ടായിരുന്നതും തനിക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊവിഡ് ആണോ എന്ന ആശങ്കയും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കത്തിലെ പരാമര്‍ശങ്ങളെന്നാണ് പൊലീസ് വിശദമാക്കുന്നത്. തിരുവനന്തപുരം ഹെൽത്ത് ഡയറക്റ്ററേറ്റിൽ  ഫുഡ് ഇൻസ്‌പെക്ടർ ആണ് കാണാതായ കൃഷ്ണകുമാർ. ഭാര്യ പ്രീത  സർക്കാർ പ്രെസ്സിൽ ജീവനക്കാരിയാണ്. മക്കൾ ഗോകുൽ , ഗോവിന്ദ്.

click me!