മദ്യപിക്കാൻ പണം വേണം; സസ്പെൻഷനിലായ സർക്കാർ ഉദ്യോഗസ്ഥൻ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക്, ഒടുവില്‍ പിടിയില്‍

By Web TeamFirst Published Jan 20, 2023, 10:06 AM IST
Highlights

പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് ഹോട്ടൽ ഉടമയോട് ഇയാള്‍ അപേക്ഷിച്ചതോടെ സംശയം തോന്നിയ ഹോട്ടലുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


തിരുവനന്തപുരം: സസ്പെൻഷനിലായ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ മദ്യപിക്കാൻ പണം കണ്ടെത്താനായി സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങി, ഒടുവില്‍ പിടിയിലായി. പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് ഹോട്ടൽ ഉടമയോട് ഇയാള്‍ അപേക്ഷിച്ചതോടെ സംശയം തോന്നിയ ഹോട്ടലുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ വ്യാജ റെയ്ഡിന് എത്തിയ രണ്ടംഗ സംഘത്തെ കാഞ്ഞിരംകുളം പൊലീസ് പിടികൂടി. കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

രണ്ട് ദിവസം മുമ്പ് കാഞ്ഞിരംകുളം ചാവടിയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഹോട്ടലിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി ഇരുവരും പരിശോധന നടത്തിയത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമുണ്ടെന്നും അതിനാൽ 30,000 രൂപ പിഴ അടയ്ക്കണം എന്നും ഹോട്ടലുടമയോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടലുടമ ഇതിന് വിസമ്മതിച്ചതോടെ ആയിരം രൂപ നൽകിയാൽ പ്രശ്നം ഒത്ത് തീർക്കാമെന്ന് ചന്ദ്രദാസ് പറഞ്ഞു.  ഇതും പറ്റില്ലെന്ന് ഹോട്ടലുടമ പറഞ്ഞു. ഇതോടെ 500 രൂപയെങ്കിലും തരണമെന്ന് ചന്ദ്രദാസ് ഹോട്ടല്‍ ഉടമയോട് അപേക്ഷിച്ചു.  

ആരോഗ്യവകുപ്പ് ജീവനക്കാരെന്ന് പരിചയപ്പെടുത്തി എത്തിയവര്‍ 500 രൂപയെങ്കിലും തരണമെന്ന് അപേക്ഷിച്ചതോടെ ഹോട്ടലുടമയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരുടെ സഹായത്തോടെ ചന്ദ്രദാസിനെ തടഞ്ഞ് വച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രദാസിനെ തടഞ്ഞ് വെക്കുന്നതിനിടെ സുഹ‍ൃത്ത് ജയന്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ഇയാളെ പൊലീസ് പിന്നീട് പിടികൂടി.  കാഞ്ഞിരംകുളം സിഐ അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ജോലിക്ക് കൃത്യമായി ഹാജരാകാതെ മുങ്ങി നടന്നതിന്‍റെ പേരിൽ സസ്പെൻഷനിൽ ഉള്ള ഡിഎംഒ ഓഫീസിലെ ക്ലാസ് ഫോർ ജീവനക്കാരനാണ് ചന്ദ്രദാസ് എന്ന് കണ്ടെത്തി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കൂടുതല്‍ വായനയ്ക്ക്:  പണി മുടക്കി, ജീവിതം ദുസ്സഹമാക്കി കരുവാരക്കുണ്ട് - കാളികാവ് മലയോര പാത
 

click me!