Asianet News MalayalamAsianet News Malayalam

പണി മുടക്കി, ജീവിതം ദുസ്സഹമാക്കി കരുവാരക്കുണ്ട് - കാളികാവ് മലയോര പാത

കരാറുകാരനും ഉദ്യോഗസ്ഥരും പരസ്പരം പഴി ചാരുന്നതല്ലാതെ പണി മുന്നോട്ട് പോകുന്നില്ല. പൂര്‍ത്തിയായ പണിയുടെ പണം പോലും നല്‍കുന്നില്ലെന്ന് കരാറുകാരനും കൃത്യമായി ബില്ലികള്‍ നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥരും പരസ്പരം ആരോപിക്കുന്നു.  
 

Kerala Hill Highway work delay in malappuram
Author
First Published Jan 20, 2023, 8:18 AM IST


മലപ്പുറം: പൊടി പടലങ്ങള്‍ കാരണം ജീവിതം ദുരിതത്തിലായതോടെ വികസന പ്രവൃത്തികള്‍ വേണ്ടായിരുന്നുവെന്ന അഭിപ്രായത്തിലായിരിക്കുകയാണ് മലയോര നിവാസികള്‍. പൊടി പടലങ്ങളോടൊപ്പം വിവാദങ്ങള്‍ കൂടി ഉയര്‍ന്നതോടെ മലയോര പാതയുടെ പ്രവൃത്തി സ്തംഭനാവസ്ഥയിലായി. ഉദ്യോഗസ്ഥ - കരാര്‍ വിഭാഗങ്ങളുടെ ശീതസമരത്തെ തുടര്‍ന്നാണ് കരുവാരക്കുണ്ട് കാളികാവ് റീച്ചിന്‍റെ നിര്‍മാണ പ്രവൃത്തി സ്തംഭനാവസ്ഥയിലെത്തിയിരിക്കുന്നത്. നാട്ടുകാരെ ദുരിതത്തിലാക്കിയതിന് പുറമേ മലയോര പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ അനന്തമായി നീണ്ടുപോകുകയാണ്.

നിര്‍മ്മാണത്തെ തുടര്‍ന്ന് റോഡിന്‍റെ ഇരുവശവും പൊളിച്ചിട്ടതോടെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡരികിലെ ഏതാനും കുടുംബങ്ങള്‍ ഇതിനകം താമസം മാറുകയും ചെയ്തു. സ്ഥലം സന്ദര്‍ശിക്കുന്ന റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രവൃത്തി നീളുന്നതിന് കരാറുകാരനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്‍ത്തുക പോലും ഇതുവരെയായിട്ടും കൈമാറിയിട്ടില്ലെന്നാണ് കരാറുകാരനും പറയുന്നു. 

അങ്ങാടി മുതല്‍ അരിമണല്‍ വരെയുള്ള റോഡ് നിരപ്പാക്കല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍, ജലനിധിയുടെ പൈപ്പിടല്‍, വൈദ്യുതി വകുപ്പിന്‍റെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവ ഇനിയും നടന്നിട്ടില്ല. ഇത്തരം പ്രവൃത്തികള്‍ കരാറുകാരന്‍റെ ചുമതലയല്ല. മറിച്ച് അതാത് വകുപ്പുകളുടെ ഉത്തരവാദിത്വമാണ്. വകുപ്പുകള്‍ തമ്മിലുള്ള ധാരണയില്ലാത്തതും പ്രവര്‍ത്തികള്‍ വൈകുന്നതിനും കാരണമാകുന്നു. സൈറ്റ് യഥാസമയം ഒരുക്കി നല്‍കിയാല്‍ മാത്രമേ പ്രവൃത്തി സമയബന്ധിതമായി നടത്താന്‍ കഴിയൂവെന്നാണ് കരാറുകാരന്‍റെ നിലപാട്.

കാളികാവ് കരുവാരക്കുണ്ട് മലയോര പാതയുടെ 50 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടും ഒരു രൂപ പോലും ബോര്‍ഡ് തന്നിട്ടില്ലെന്ന് കരാറുകാരന്‍ ആരോപിക്കുന്നു. റോഡ് പ്രവൃത്തിക്ക് മാത്രം 40.8 കോടിയാണ് എസ്റ്റിമേറ്റ്. ഇതില്‍ 20 കോടി രൂപയുടെ പ്രവൃത്തി ഇതിനകം കഴിഞ്ഞു. 16 കോടിയുടെ ബില്ലുകള്‍ ഡിസംബറോടെ ബോര്‍ഡിന് സമര്‍പ്പിച്ചു. എന്നാല്‍ ഇവ പരിശോധന നടത്തി അംഗീകാരത്തിന് സമര്‍പ്പിക്കാത്തതിനാല്‍ ഇതുവരെയായും ഒരു രൂപ പോലും ലഭിച്ചിട്ടില്ല.സമര്‍പ്പിച്ച ബില്ലുകളുടെ തുക ലഭിച്ചാലെ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്നും റോഡ് പണിയുടെ കരാര്‍ ഏറ്റെടുത്ത ടി ഇംത്യാസ് ബാബു പറഞ്ഞു.

പൂര്‍ത്തിയായ പ്രവൃത്തിയുടെ തുക അനുവദിക്കണമെങ്കില്‍ നിബന്ധന പ്രകാരമുള്ള ബില്ലുകള്‍ സമര്‍പ്പിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബ്രൂസണ്‍ ഹരോള്‍ഡ് പറയുന്നു. ആറ് കോടിയോളം രൂപയുടെ ബില്ലുകളാണ് കരാറുകാരന്‍ ഇതിനകം സമര്‍പ്പിച്ചത്. പരിശോധനയ്ക്ക് ശേഷം അത് അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും വ്യക്തവും കൃത്യവുമായ ബില്ലുകള്‍ സമര്‍പ്പിച്ചാല്‍ പെട്ടെന്ന് അംഗീകരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ബില്ലുകള്‍ തയ്യാറാക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാര്‍ വേണം. അതില്ലാത്തതിനാല്‍ ഈ കരാറുകാരന്‍റെ ബില്ലുകള്‍ പല തവണ മടക്കേണ്ടി വരികയാണെന്നും അതിനാലാണ് സമയബന്ധിതമായി പണം അനുവദിക്കാന്‍ കഴിയാത്തതെന്നും ഹരോള്‍ഡ് കൂട്ടിചേര്‍ത്തു. 

കൂടുതല്‍ വായിക്കാന്‍:  വരുമാന സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസില്‍ദാറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

Follow Us:
Download App:
  • android
  • ios