പത്താം വയസിൽ ജീവിതം വീൽച്ചെയറിൽ, തളരാതെ പോരാടി ഷിംന; ഫേസ്ബുക്കിലെ പരിചയം പ്രണയമായി, ഒടുവിൽ കൈപിടിച്ച് സബിൻ

Published : Apr 17, 2025, 11:45 AM IST
പത്താം വയസിൽ ജീവിതം വീൽച്ചെയറിൽ, തളരാതെ പോരാടി ഷിംന; ഫേസ്ബുക്കിലെ പരിചയം പ്രണയമായി, ഒടുവിൽ കൈപിടിച്ച് സബിൻ

Synopsis

പത്താംവയസിലാണ് ഷിംനയ്ക്ക് മസ്‌കുലര്‍ ഡി സ്‌ട്രോഫി (എസ്.എം.എ) എന്ന അസുഖം ബാധിക്കുന്നത്. ആദ്യമൊക്കെ പിടിച്ചുപിടിച്ചാണെങ്കിലും അവള്‍ നടന്നു. പിന്നെ അതിനും സാധിക്കാതെയായി. വിവിധ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

തൃശൂര്‍: ചെറുപ്പത്തിലെ വിധി തളർത്തി, ജീവിതം ഒരു വീൽച്ചെയറിലേക്ക് ചുരുങ്ങിയെങ്കിലും ദുരിതത്തോട് പടവെട്ടി സ്വപ്നങ്ങളെ എത്തിപ്പിടിക്കാനുള്ള ഷിംനയുടെ പോരാട്ടത്തിൽ കൈപിടിച്ച് സബിൻ. എസ്എംഎ രോഗബാധയായ ഷിബിനയ്ക്ക് ജീവിത സായാഹ്‌നങ്ങളില്‍   താങ്ങും തണലുമായി സബിന്‍ കൂടെയുണ്ടാകും. ബുധനാഴ്ച രാവിലെ പത്തിനും 10.30നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചാവക്കാട് മണത്തല കളത്തില്‍വീട്ടില്‍ ബാബു  രമണി ദമ്പതികളുടെ മകന്‍ സബിന്‍ ഞമനേങ്ങാട് പന്നിപ്പറമ്പില്‍ പുരുഷോത്തമന്‍ഗീത ദമ്പതികളുടെ മകള്‍ ഷിംനയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഗോള്‍ഡന്‍ കളര്‍ സെറ്റ് മുണ്ടും റെഡിഷ് ഓറഞ്ച് കളര്‍ ബ്ലസും ആഭരണങ്ങളും അണിഞ്ഞൊരുങ്ങി വീല്‍ചെയറിലിരുന്നാണ് ഷിംന താലികെട്ടാനെത്തിയത്.

ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം, അത് മാറ്റി മറിച്ചത് ഷിംനയുടെ ജീവിതത്തെ തന്നെയാണ്. ഇനി സബിന്റെ കരുതലില്‍, സ്‌നേഹത്തില്‍ പ്രണയത്തിലാണ് ഷിംനയുടെ ജീവിതം. വിധി പലവട്ടം ഷിംനയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. പരീക്ഷണങ്ങള്‍ കടുക്കുതോറും അവളുടെ ചെറുത്തു നില്‍പ്പും കടുത്തു. അവസാനം ഷിംനയുടെ മുന്നില്‍ വിധിയും തോറ്റു. രോഗം ശരീരത്തെ തളര്‍ത്തിയെങ്കിലും ഷിംന തളരാന്‍ തയാറായിരുന്നില്ല. ഉറച്ച മനസുമായി അവള്‍ വിധിയോടു പോരാടി.  
 
ശരീരത്തെ തളര്‍ത്തുന്ന രോഗത്തിന്റെ രൂപത്തിലാണ് ഷിംനയെ വിധി ആദ്യം തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഷിംന തോല്‍ക്കാന്‍ തയാറായിരുന്നില്ല. പത്താംവയസിലാണ് ഷിംനയ്ക്ക് മസ്‌കുലര്‍ ഡി സ്‌ട്രോഫി (എസ്.എം.എ) എന്ന അസുഖം ബാധിക്കുന്നത്. ആദ്യമൊക്കെ പിടിച്ചുപിടിച്ചാണെങ്കിലും അവള്‍ നടന്നു. പിന്നെ അതിനും സാധിക്കാതെയായി. വിവിധ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോള്‍ പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല. വിധിയെ പഴിച്ച് സമയവും ജീവിതവും കളയാന്‍ അവള്‍ തയാറായിരുന്നില്ല. അവള്‍ക്കാവുന്ന സഹായങ്ങള്‍ കുടുംബത്തിന് ചെയ്തു കൊണ്ടിരുന്നു. തളര്‍ന്നതെങ്കിലും ഷിംനയുടെ കൈകളാണ് ഇന്ന് ഒരു കുടുംബത്തിന്റെ തണല്‍.

പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പരസഹായം കൂടിയേ തീരൂ എന്ന സ്ഥിതിയായതോടെ ബീഡിത്തൊഴിലാളിയായിരുന്ന അമ്മ ഗീതയ്ക്കും കിണര്‍ പണിക്കുപോയിരുന്ന അച്ഛന്‍ പുരുഷോത്തമനും ജോലിക്കു പോകാന്‍ പറ്റാതെയായി. മൊബൈല്‍ റീചാര്‍ജ് ചെയ്തു കൊടുത്താണ് പിന്നീട് ഈ കുടുംബം കഴിഞ്ഞിരുന്നത്. കോവിഡ് പക്ഷേ അതിനു തടസമായി. ഷിംനയുടെ അതേ രോഗമുള്ള അനിയനും ശ്വാസകോശ രോഗബാധിതയായ ചേച്ചിയുമടക്കം മൂന്നു പേരുടെയും ആരോഗ്യത്തെ കോവിഡ് ബാധിക്കാമെന്ന ആശങ്കയുണ്ടായതോടെ ആ ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. വീട്ടിലെ വരുമാനം നിലച്ചതോടെ എന്തെങ്കിലും ചെയ്യണമെന്നു ഷിംന തീരുമാനിച്ചു. അങ്ങനെയാണ് അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലേക്ക് തിരിയുന്നത്. യുട്യൂബ് വഴിയാണ് അലങ്കാര നെറ്റിപ്പട്ട നിര്‍മാണം പഠിക്കുന്നത്. മൂന്ന് വര്‍ഷമായി ഈ ജോലി ചെയ്യുന്നുണ്ട്.

അലങ്കാര നെറ്റിപ്പട്ടവുമായി ബന്ധപ്പെട്ട് ഒരു വിളിയാണ് ഷിംനയുടെ ജീവതം മാറ്റുന്നത്. ഗള്‍ഫിലായിരുന്ന സബിനുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. നെറ്റിപ്പട്ടം വാങ്ങിക്കാനായിരുന്നു ആദ്യമായി  ബന്ധപ്പെട്ടത്. പിന്നീടത് സൗഹൃദമാവുകയും പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു. രണ്ടര വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലും തുടര്‍ന്ന് വിവാഹിത്തിലുംകലാശിക്കുകയായിരുന്നു.  നാട്ടിലെത്തിയ സബിന്‍ ഇപ്പോള്‍ തിരുവത്രയിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. അതേസമയം വിധിയെ പഴിച്ച് കരഞ്ഞിരിക്കാനൊന്നും ഷിംന തയാറല്ല. കഴിയുന്ന ജോലികള്‍ ചെയ്തു സന്തോഷമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇനിയും സാധിക്കും എന്ന ശുഭപ്രതീക്ഷയിലാണ് ഷിംന.

Read More :  'ജിസ്മോളുടെ കൈഞരമ്പ് മുറിച്ച നിലയിൽ, നടുവിന് മുറിവ്; അമ്മയുടെയും മക്കളുടേയും മരണം ശ്വാസകോശത്തിൽ വെളളം നിറഞ്ഞ്'

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം