മഴ ശക്തം; കോഴിക്കോട് ജില്ലയില്‍ 15 ക്യാമ്പുകള്‍ തുറന്നു

By Web TeamFirst Published Oct 12, 2021, 10:26 PM IST
Highlights

കോഴിക്കോട് താലൂക്കില്‍ 14 സ്ഥലങ്ങളിലാണ് ക്യാമ്പ് തുറന്നത്. 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 173 പുരുഷന്മാരും 166 സ്ത്രീകളും 61 കുട്ടികളുമുള്‍പ്പെടെ 400 പേരാണ് താമസിക്കുന്നത്.

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഇടങ്ങളിലായി 15 ക്യാമ്പുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 14 ക്യാമ്പും കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. 418 പേരാണ് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നത്.

കോഴിക്കോട് താലൂക്കില്‍ 14 സ്ഥലങ്ങളിലാണ് ക്യാമ്പ് തുറന്നത്. 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 173 പുരുഷന്മാരും 166 സ്ത്രീകളും 61 കുട്ടികളുമുള്‍പ്പെടെ 400 പേരാണ് താമസിക്കുന്നത്. കച്ചേരി, പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, ചേവായൂര്‍, വളയനാട്, കസബ, കുറ്റിക്കാട്ടൂര്‍, വേങ്ങേരി വില്ലേജുകളിലാണ് ക്യാമ്പ് തുറന്നത്.

താമരശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. രാരോത്ത് വില്ലേജിലെ വെളിമണ്ണ വെള്ളച്ചാലില്‍ മറിയയുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. ശിവപുരം വില്ലേജിലെ കരിമ്പാ പൊയില്‍ ബാലന്‍ നായര്‍, കിഴക്കോത്ത് വില്ലേജിലെ വാസു നായര്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണാണ് വാസു നായരുടെ വീട് ഭാഗികമായി തകര്‍ന്നത്.

കൊയിലാണ്ടി താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോതമംഗലം ജി.എല്‍പി സ്‌കൂളില്‍ ഒരു ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ള 18 പേരാണ് ക്യാമ്പിലുള്ളത്. പത്ത് പുരുഷന്മാരും എട്ട് സ്ത്രീകളുമാണുള്ളത്. വടകര താലൂക്കില്‍ ആളുകളെ ക്യാമ്പിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തഹസില്‍ദാര്‍ അറിയിച്ചു.

click me!