യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ക്രൂയിസ് കപ്പലുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചു.
തിരുവനന്തപുരം: യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ക്രൂയിസ് കപ്പലുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിക്കാനുള്ള നടപടികളിലാണ് സർക്കാരും വിഴിഞ്ഞം പോർട്ട് ഉദ്യോഗസ്ഥരും. ടൂറിസം രംഗത്ത് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് ചർച്ചകൾ ആരംഭിച്ചതായി തുറമുഖ മന്ത്രി മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിൽ ഇന്ന് വിഴിഞ്ഞത്ത് നടന്ന അവലോകന യോഗത്തിൽ അറിയിച്ചു. തുറമുഖം പ്രതീക്ഷിച്ചതിലേറെ വിജയകരമായി മുന്നോട്ട് പോകുകയാണെന്നും രണ്ടും മൂന്നും നാലും ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെയും റോഡ് മാർഗമുള്ള താത്കാലിക ചരക്കു നീക്കത്തിന്‍റെയും ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിൽ നടത്തുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു. ജനുവരി രണ്ടാം ആഴ്ചയിൽ ചടങ്ങുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ തീയതി ലഭിച്ചാലുടൻ ഉദ്ഘാടന തീയതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ കണക്ടിവിറ്റി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി,ക്ലോവർ ലീഫ് റോഡിന് അംഗീകാരമായി അടുത്ത ഘട്ട നിർമ്മാണത്തോടൊപ്പം പുതിയ മത്സ്യ ബന്ധന തുറമുഖവും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 97 കോടി കൂടെ വരുമാനം സർക്കാരിന് ലഭിച്ചു. രണ്ടാം ഘട്ടത്തിൽ 800 മീറ്റർ ബെർത്ത് 1200 മീറ്റർ കൂടി വർധിപ്പിച്ച് 2000 മീറ്ററാക്കും.2.96 കിലോമീറ്റർ പുലിമുട്ട് 920മീറ്റർ കൂടി വർദ്ധിപ്പിക്കും.വിഴിഞ്ഞം തുറമുഖത്ത് ക്രൂയിസ് കപ്പലുകൾ എത്തിക്കുന്നതിന് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനായി 50 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. യാർഡ് വികസനം, സെക്യൂരിറ്റി സംവിധാനം, കസ്റ്റംസ്, പൊലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്ക് ഭൂമി ഉപയോഗിക്കും. ബെർത്തിനായി കടൽ നികത്തി ഭൂമി കണ്ടെത്തും.
കിൻഫ്ര ഉൾപ്പെടെയുള്ള സർക്കാർ സംവിധാനം ഇതിനായി ഉപയോഗിക്കും. അന്താരാഷ്ട്ര കപ്പൽചാലിൽ നിന്നും മറ്റിടങ്ങളെ അപേക്ഷിച്ച് ദൂരം കുറവും, തീരത്തെ ആഴവുമെല്ലാം മികച്ച പോർട്ടായി വിഴിഞ്ഞത്തെ മാറ്റും. നിലവിൽ കപ്പലിലെത്തുന്ന ചരക്ക് മറ്റുകപ്പലിലാണ് മറ്റ് പോർട്ടുകളിലേക്ക് കൊണ്ടുപോകുന്നത്. റോഡ് തുറക്കുന്നതോടെ ചരക്ക് സമീപ ജില്ലകളിലേക്ക് വാഹങ്ങളിൽ എത്തിക്കാം. നിലവിൽ നേരിട്ട് 1000 ത്തോളം പേർക്ക് തൊഴിൽ നൽകി അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ 6000 ലധികം പേർക്ക് നേരിട്ട് മാത്രം തൊഴിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.


