ഹൈറേഞ്ചിലെങ്ങും കനത്ത മഴ; വീടുകളിലും വ്യാപര സ്ഥാപനങ്ങളിലും വെള്ളം കയറി, പലയിടങ്ങളിലും ഗതാഗതക്കുരുക്ക്

Published : Dec 14, 2024, 12:00 AM IST
ഹൈറേഞ്ചിലെങ്ങും കനത്ത മഴ; വീടുകളിലും വ്യാപര സ്ഥാപനങ്ങളിലും വെള്ളം കയറി, പലയിടങ്ങളിലും  ഗതാഗതക്കുരുക്ക്

Synopsis

പലസ്ഥലങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അതിശക്തമായ കാറ്റാണ് മേഖലയില്‍ വീശിയത്. വൈദ്യുതി ലൈനുകള്‍ ഉള്‍പ്പടെയുള്ളവ തകര്‍ന്നു.

ഇടുക്കി:  കേരള - തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലുള്‍പ്പടെ ഉടുമ്പന്‍ചോല താലൂക്കില്‍ കനത്ത മഴയും കാറ്റും. വ്യാഴാഴ്ച രാത്രി  തുടങ്ങിയ മഴ ശമനമില്ലാതെ വെള്ളിയാഴ്ചയും തുടര്‍ന്നു.  പട്ടംകോളനി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയിലും വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. കല്ലാര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലോടെ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 

ഏറ്റവും കൂടുതല്‍ മഴ പെയ്തത് പട്ടംകോളനി മേഖലയിലാണ്. ചെറു അരുവികളും പുഴകളും കരകവിഞ്ഞതോടെ ഗ്രാമീണ റോഡുകളും പാലങ്ങളും വെള്ളത്തിലായി. തോരാതെ പെയ്യുന്ന മഴയില്‍ റോഡിന്റെ വശങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ കുമളി ടൗണ്‍ മുതല്‍ ലോവര്‍ ക്യാമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. 


പല സ്ഥലങ്ങളിലും വാഹന ഗതാഗതം ഉള്‍പ്പടെ തടസപ്പെട്ടു.  അതിശക്തമായ കാറ്റാണ് മേഖലയില്‍ വീശിയത്. പല സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടു. കമ്പംമെട്ട് പാറക്കടവില്‍ വന്‍മരം വീണ് വൈദ്യുതി ലൈനുകള്‍ ഉള്‍പ്പടെയുള്ളവ തകര്‍ന്നു. വിദ്യാര്‍ത്ഥികളുമായി പോയ കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂളിന്റെ വാഹനം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ രണ്ട് മീറ്റര്‍ മാത്രം മുമ്പിലായാണ് മരവും വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണത്. ഡ്രൈവര്‍ പെട്ടെന്ന് വാഹനം നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. കമ്പംമെട്ട് - കമ്പം സംസ്ഥാന പാതയില്‍ വന്‍മരം കടപുഴകി  മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. 


തോരാതെ പെയ്ത മഴയില്‍ ദേശീയപാത 183 ലെ കുമളി ടൗണില്‍ വെള്ളം കയറി. റോസാപൂക്കണ്ടം കനാലിലുടെയുള്ള  വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ടതും അശാസ്ത്രീയമായി നിര്‍മിച്ച  ടൗണിലെ ഓടകള്‍ നിറഞ്ഞ് കവിഞ്ഞതുമാണ് റോഡിലേക്ക് വെള്ളം ഇരച്ച് കയറാന്‍ കാരണമാകുന്നത്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

തൂക്കുപാലം പാമ്പുമുക്കില്‍ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നെടുങ്കണ്ടം മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റ് മൂലം ദേഹണ്ഡങ്ങളും നശിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. കൊട്ടാരക്കര- ദിന്‍ന്ധുഗല്‍ ദേശീയ പാതയില്‍ കുമളിക്കും തമിഴ്‌നാട് ലോവര്‍ ക്യാമ്പിനുമിടയില്‍ റോഡിലേക്ക് മരം വീണ് മണികൂറുകളോളം ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉച്ചയോടെ റോഡില്‍ വീണ മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്ലമ്പലത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ക്വാളിസ് കാർ, ബോണറ്റിൽ നിന്ന് പുക, പിന്നാലെ തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
പരാതി നൽകിയതിന് യുവാവിന്‍റെ തല മരക്കഷ്ണംകൊണ്ട് അടിച്ച് പൊട്ടിച്ചു, കറക്കം മോഷ്ടിച്ച സ്കൂട്ടറിലും; പ്രതി പിടിയിൽ