
തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍കാലിക പാലം അപകടവസ്ഥയിലായി.
ഇടുക്കിയില്‍ മൂന്നാറിലും പീരുമേടുമാണ് മഴ ശക്തം. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി മുത്തുക്കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അടുക്കളയും മരം വീണ് തകര്‍ന്നു. മുത്തുക്കുട്ടിയും കുടുംബവും തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മൂന്നാറില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇക്കാനഗറില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ ഇവിടെയുള്ള രണ്ട് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ദേവികുളത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളിലും ക്യാമ്പ് തുറന്നു. കന്നിമലയാറ്റില്‍ നീരൊഴുക്ക് കൂടിയതോടെ പെരിയവര താല്‍ക്കാലിക പാലത്തിന് മുകളില്‍ വെള്ളം കയറി. ഇതോടെ രണ്ട് മണിക്കൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആറ്റില്‍ ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ പാലം വീണ്ടും തകരുമോ എന്ന ആശങ്കയുണ്ട്.
2018ലെ പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമാന്തരമായി നിര്‍മിച്ചതാണ് താല്‍ക്കാലിക പാലം. ജില്ലയില്‍ തുറന്ന മൂന്ന് അണക്കെട്ടുകളുടെയും ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam