മുണ്ടക്കൈ മലയിലെ ഉരുള്‍പൊട്ടല്‍; ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍, കനോലി പാലം തകര്‍ന്നു

By Web TeamFirst Published Aug 7, 2020, 11:58 AM IST
Highlights

മലവെള്ളപ്പാച്ചിലിൽ നിലമ്പൂർ കനോലി തേക്കിൻ തോട്ടത്തിലേക്കുള്ള പാലം ഒലിച്ചുപോയി. ഇന്ന് പുലർച്ചെയാണ് പാലം തകര്‍ന്നത്. 

നിലമ്പൂര്‍: വയനാട് മേപ്പാടി മുണ്ടക്കൈ മലയില്‍ ഉരുള്‍പൊട്ടിയതോടെ ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിൽ. ചാലിയാറില്‍ വെള്ളമുയര്‍ന്നതോടെ പുഴയുടെ സമീപ പ്രദേശത്തുള്ളവര്‍ കനത്ത ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയും മേപ്പാടിയിലെ മണ്ണിടിച്ചിലും നിലമ്പൂരിനെ പ്രളയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

മലവെള്ളപ്പാച്ചിലിൽ നിലമ്പൂർ കനോലി തേക്കിൻ തോട്ടത്തിലേക്കുള്ള പാലം ഒലിച്ചുപോയി. ഇന്ന് പുലർച്ചെയാണ് പാലം തകര്‍ന്നത്. കനോലി ഇക്കോ ടൂറിസം പദ്ധതിയിലേക്കുള്ള തൂക്കുപാലമാണ് തകർന്നത്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടിയില്‍ കനത്ത മഴ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.  ചാലിയാറില്‍ വെള്ളം കൂടുന്നതിനാല്‍  തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ആവശ്യപ്പെട്ടു.

പ്രളയ സാധ്യത ഉള്ളതിനാല്‍ നിലമ്പൂരിലും കവളപ്പാറ സ്ഥിതി ചെയ്യുന്ന പോത്തുകല്‍ പഞ്ചായത്തിലും  ഫയര്‍ഫോഴ്സും പൊലീസുമടങ്ങിയ സുരക്ഷാ സേന തമ്പടിച്ചിട്ടുണ്ട്.  മലവെള്ളപ്പാച്ചിലില്‍ പനങ്കയം പാലം മുങ്ങിയാല്‍ രക്ഷാപ്രവര്‍ത്തനമടക്കം വൈകുമെന്നതിനാല്‍ കടുത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടവും പുലര്‍ത്തുന്നത്.  

click me!