
കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 91 കുടുംബങ്ങളിലെ 399 പേരെ ഇവിടേക്ക് മാറ്റി. വൈത്തിരി താലൂക്ക് അച്ചൂരാനം വില്ലേജിലെ വലിയപാറ ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 38 കുടുംബങ്ങളില്‍ നിന്നായി 164 പേരാണ് ഇവിടെയുള്ളത്.
കാവുമന്ദം വില്ലേജ് തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാമ്പില്‍ 13 കുടുംബങ്ങളിലെ 61 പേരും, കണിയാമ്പറ്റ വില്ലേജിലെ കണിയാമ്പറ്റ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ 19 കുടുംബങ്ങളിലെ 75 പേരുമുണ്ട്. മാനന്തവാടി താലൂക്ക് പേരിയ വില്ലേജില്‍പ്പെട്ട ആലാറ്റില്‍ എയുപി. സ്‌കൂളില്‍ 6 കുടുംബങ്ങളില്‍ നിന്നായി 29 പേരും അയനിക്കല്‍ കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ 30 പേരുമാണുള്ളത്.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പൂതാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒമ്പത് കുടുംബങ്ങളിലെ 40 പേരും ക്യാമ്പിലുണ്ട്. ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ ആതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ മഴക്കാലത്തെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയാണ് വയനാട്ടില്‍ പെയ്യുന്നത്. ജില്ലയിലെ ശരാശരി മഴ ലഭ്യത 100.9 എം.എം ആണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആഗസ്റ്റ് എട്ട്,ഒമ്പത് തീയ്യതികളില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മഴക്കെടുതി നേരിടാന്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. മാനന്തവാടി താലൂക്ക്: 04935 240231, വൈത്തിരി താലൂക്ക്: 04936 225229, സുല്‍ത്താന്‍ ബത്തേരി താലൂക്ക്: 04936 220296.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam