
കോട്ടയം: കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളേജില്‍ വെള്ളം കയറി. ഒപി വിഭാഗത്തിൽ മുട്ടോളം വെള്ളമുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. കോട്ടയം നഗരത്തിൽ ഏറെ നേരെ മഴ പെയ്തിരുന്നു. വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാഗത്തിലാണ്. ഇപ്പോൾ വിവിധ വിഭാഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്. ഇവിടെ അടുത്തേക്ക് ഒരു റോഡ് അടുത്ത കാലത്ത് നിർമ്മിച്ചിരുന്നു. റോഡ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകാനുള്ള ഓടകളെല്ലാം അടഞ്ഞു പോയിരുന്നു. നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നാട്ടുകാരിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു.
വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ ഒപി വിഭാഗത്തിലേക്ക് വെള്ളം കയറിയതാകാം. വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്. വെള്ളം കയറിയിരിക്കുന്നത് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്ങനെ ഒഴുക്കി കളയണമെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതരുടെ മുന്നിൽ തെളിയുന്നില്ല. അതിനാൽ മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ. സമീപകാലത്തൊന്നും കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ വെള്ളം കയറിയതിനെക്കുറിച്ച് അറിവില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam