
മലപ്പുറം: ജില്ലയിൽ കനത്ത മഴ (Heavy Rain) തുടരുന്നു. ഇന്നലെ വൈകിട്ട് ശക്തിയാർജ്ജിച്ച മഴ രാത്രിയിൽ കലിതുള്ളി പെയ്തു. മലയോരത്ത് മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാളികാവ് ടൗണിൽ ഇന്നലെ മുതൽ വെള്ളം കയറിയത് വ്യാപാരികളെയും നാട്ടുകാരെയും ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്ന് വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അടയ്ക്കാക്കുണ്ട്, കല്ലാമൂല, പെരിങ്ങപ്പാറ തുടങ്ങിയ ഭാഗങ്ങളിലെ ചെറുപുഴകളും തോടുകളും നിറഞ്ഞ് ഒഴുകി. അടയ്ക്കാക്കുണ്ട് ചെറുപുഴ, മഞ്ഞൾപ്പാറ പുഴ, കാളികാവ് പുഴ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകിയ അവസ്ഥയിലാണ്.
പുഴയോരങ്ങളിലെ റബർ, കവുങ്ങ് തോട്ടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. മഴ തുടരുന്നത് കണക്കിലെടുത്ത് മലയോരവാസികൾ കനത്ത ജാഗ്രതയിലാണ് കഴിയുന്നത്. ചിലരെല്ലാം സുരക്ഷിതത്വത്തിന്റെ ഭാഗമായി ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുകയും ചെയ്തിട്ടുണ്ട്. കൊണ്ടോട്ടിയിൽ പാലത്തിനു സമീപം റോഡിൽ വലിയ കുഴി രൂപപ്പെട്ടതോടെ ഗതാഗതം നിരോധിച്ചു. കോടങ്ങാട്-കുന്നുംപുറം ക്രോസ് റോഡിൽ വലിയതോടിന് കുറുകെയുള്ള പാലത്തിനു സമീപമാണ് മണ്ണ് നീങ്ങി കുഴിയായത്. വാഴനാട്ടിയും ഓലമടലുകൊണ്ട് വേലി കെട്ടിയും അപകടസൂചന നൽകി റോഡ് അടച്ചു.
കൊണ്ടോട്ടിയിൽനിന്ന് തിരൂരങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ പ്രധാനമായും ഈ വഴിയാണ് സർവീസ് നടത്തുന്നത്. റോഡ് അടച്ചതോടെ ബസുകൾ മേലങ്ങാടി വഴി തിരിച്ചുവിട്ടു. വേങ്ങര പാക്കടപ്പുറായ മാടംചിന ഭാഗത്ത് താമസിക്കുന്ന തുമ്പയിൽ ഷാഫിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് പാറ ഇടിഞ്ഞു വീണു. അപകടത്തിൽ ആളപായമില്ല. പുതുതായി പണികഴിച്ച ബാത്റൂം,കോഴിക്കൂട്,കുഴൽ കിണറ് എന്നിവ തകർന്നു.ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മമ്പുറത്ത് വീടിന്റെ പിൻവശം ഇടിഞ്ഞു വീണു. മമ്പുറം കാസി റോഡിൽ ചൂട്ടൻ മൻസൂറിന്റെ വീടിന്റെ പിൻവശമാണ് ഇടിഞ്ഞു വീണത്. കൊണ്ടോട്ടി പുളിക്കലിൽ കോഴിക്കോട് പാലക്കാട് റോഡിൽ ആലുങ്ങൽ ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കൊട്ടപ്പുറം പള്ളിക്കൽ ബസാർ വഴിയാണ് പോകുന്നത്. അതേസമയം, കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. വാഴയൂരിൽ ശക്തമായ മഴയിൽ കക്കോവ് കണ്ണാടിക്കുഴി മുഹമ്മദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് കിണർ തൂർന്നു. രാത്രിയിൽ ശക്തമായ ഇടി മുഴക്കം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുറ്റം ഇടിഞ്ഞ് കിണർ മൂടിയ നിലയിൽ കണ്ടത്. വീടിന്റെ തറയോട് ചേർന്ന് ഒരു മീറ്റർ വരെ ഇടിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam