
ഇടുക്കി: പതിനാല് കൊല്ലത്തെ നിയമ പോരാട്ടത്തിന് ശേഷം തട്ടിയെടുക്കപ്പെട്ട സ്വന്തം ഭൂമി രാമറിന് തിരികെ കിട്ടി. പക്ഷെ, അപ്പോഴേക്കും അദ്ദേഹം ഈ ഭൂമി വിട്ടുപോയിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ മരിക്കേണ്ടി വന്നെങ്കിലും ഒടുവില് നീതി ലഭിച്ചു. രാമർ ജയിച്ചു.
കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ പരേതനായ രാമർ ശിങ്കിലിയുടെ ഭൂമിയാണ് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നു മാസത്തിനുളളിൽ ഭൂമി തിരിച്ചെടുത്ത് അവകാശികൾക്ക് കൈമാറാനാണ് വിധി. കിടപ്പാടമില്ലാത്ത തോട്ടം തൊഴിലാളിയായ രാമറിന് സർക്കാർ നൽകിയ രണ്ടര സെന്റ് ഭൂമി മറ്റൊരാൾ തട്ടിയെടുക്കുകയായിരുന്നു.
2005-ലാണ് മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എം.ജി.കോളനിയിൽ ഭൂരഹിതരായ പട്ടികജാതി വർഗ വിഭാഗങ്ങൾക്ക് രണ്ടര സെന്റ് വീതം നൽകിയത്. ഇതിൽ 213-ാം നമ്പർ പ്ലോട്ടാണ് രാമറിന് ലഭിച്ചത്. എന്നാൽ ആ സമയത്ത് തമിഴ്നാട്ടിലായിരുന്ന രാമർ ഭൂമി ലഭിച്ച വിവരം അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോഴേക്കും ചൊക്കനാട് സ്വദേശിയായ രാമരാജ് ഈ ഭൂമി ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ തട്ടിയെുത്തു. തന്റെ ഭൂമിയുടെ രേഖകൾക്കായി രാമർ പഞ്ചായത്തിനെ സമീപിച്ചെങ്കിലും മറ്റൊരാൾക്ക് നൽകിയതായാണ് അന്നത്തെ ഉദ്യോഗസ്ഥർ പറഞ്ഞത്.
ഇതേ തുടർന്ന് രാമർ വിജിലൻസിൽ പരാതി നൽകി.വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി. ഭൂമി രാമറിന് തിരികെ നൽകണമെന്ന് നൽകണമെന്ന് നിർദേശിച്ച് സംസ്ഥാ പട്ടികജാതി, വർഗ കമ്മിഷന്, വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിനിടെ 2008 ഫെബ്രുവരിയിൽ രാമരാജ് ഈ ഭൂമി ലക്ഷങ്ങൾ വാങ്ങി ഗുരു സെൽവം എന്നയാൾക്ക് വിറ്റു. പഞ്ചായത്ത് ഗുരുസെൽവത്തോട് ഭൂമി ഒഴിയാനാവശ്യപ്പെട്ടു. ഇതോടെ രാമരാജ് തന്നെ ചതിച്ചാതാണെന്ന് കാട്ടി ഗുരുസെൽവം ദേവികുളം കോടതിയെ സമീപിച്ചു. കേസ് നടന്നു കൊണ്ടിരിക്കെ 2019 സെപ്തംബർ 26-ന് എഴുപത്തിനാലാം വയസിൽ രാമർ മരിച്ചു.
പിന്നീട് രാമറിന്റെ ഭാര്യ ലക്ഷ്മി, മക്കളായ കറുപ്പുസ്വാമി, അമൃതരാജ് എന്നിവരാണ് കേസ് നടത്തിയത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെയും പഞ്ചായത്ത് രേഖകളുടെയും അടിസ്ഥാനത്തിൽ ഭൂമി രാമറിന്റേതാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. നോട്ടീസ് നൽകി കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ നിന്നും 15 ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് നിലവിലെ താമസക്കാരനായ ഗുരുസെൽവത്തിന് പഞ്ചായത്ത് നോട്ടീസ് നൽകി.
സ്വയം ഒഴിയാത്ത അവസ്ഥ വന്നാൽ പോലീസ് സഹായത്തോടെ കോടതി വിധി നടപ്പാക്കും. സഹായമഭ്യർഥിച്ച് മൂന്നാർ ഡിവൈ.എസ്.പിക്ക് കത്തു നൽകിയിട്ടുണ്ട്. മൂന്നാർ പഞ്ചായത്ത് സെക്രട്ടറി വി.ആർ.അജിത്കുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam