തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ വാര്‍ഷിക നട തുറപ്പ് മഹോത്സവം 2026 ജനുവരി 2ന് ആരംഭിക്കും. വര്‍ഷത്തില്‍ 12 ദിവസം മാത്രം പാര്‍വതി ദേവിയുടെ നട തുറക്കുന്ന ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു. 

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ വാര്‍ഷിക നട തുറപ്പ് മഹോത്സവത്തിന് 2026 ജനുവരി 2ന് തുടക്കമാകും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 12 ദിവസം ദേവിയുടെ നട തുറക്കുന്ന അപൂര്‍വ ക്ഷേത്രമായതിനാല്‍ ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തും.

പെരിയാര്‍ തീരത്തെ വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനും പടിഞ്ഞാറ് ദര്‍ശനമായി പാര്‍വതി ദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗ ദൈവങ്ങള്‍ എന്നിവരാണ് പ്രധാന ഉപ ദേവതകള്‍. അകവൂര്‍ മനയില്‍നിന്ന് തിരുവാഭരണങ്ങളുമായുള്ള ഘോഷ യാത്ര ക്ഷേത്രത്തിലെത്തിയ ശേഷം ദേവിയുടെ നട തുറക്കുന്നതോടെയാണ് മഹോത്സവത്തിന് തുടക്കമാകുന്നത്. വാദ്യ മേളങ്ങള്‍, മുത്തുക്കുടകള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷ യാത്ര നടക്കുന്നത്.

ദര്‍ശന സൗകര്യത്തിനായി വെര്‍ച്വല്‍ ക്യൂ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ശിവരാത്രി, നവരാത്രി, മണ്ഡല കാലം, കുംഭ മാസ തിരുവാതിരയിലെ ആറാട്ട് ഉത്സവം എന്നിവയും ഇവിടെ പ്രധാന ആചാരങ്ങളാണ്. സ്ത്രീകളുടെ ശബരിമല എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നട ജനുവരി 13ന് അടയ്ക്കും.