വയനാട്ടിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

Published : Jul 29, 2024, 06:49 PM IST
വയനാട്ടിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

Synopsis

വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസും, ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി.

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ  മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സാഹസിക വിനോദ സഞ്ചാരം ജില്ലാ കളക്ടർ നിരോധിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസും, ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. മലവെള്ള പാച്ചിലുള്ളതിനാൽ നാട്ടുകാരും വിനോദ സഞ്ചാരികളും വെള്ളച്ചാട്ടങ്ങളിലും പുഴയിലും ഇറങ്ങരുതെന്നും കളക്ടർ പറഞ്ഞു.

മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടം മേഖലകളില്‍ ഇന്നലെ രാത്രിമുതല്‍ ശക്തമായ മഴയെ തുടരുകയാണ്. മുണ്ടക്കൈയില്‍ മലമുകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് താഴ് വാരങ്ങളിലെ ജലാശയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. വെള്ളം കലങ്ങിമറിഞ്ഞത് എത്തിയതോടെ നാട്ടുകാര്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടങ്ങളിലും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. റോഡിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതായാണ് വിവരങ്ങള്‍. 

പുലര്‍ച്ച തന്നെ മേപ്പാടി മേഖലയില്‍ മഴ കനത്തിരുന്നു. ഇതോടെ വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, പുത്തുമല, മുണ്ടക്കൈ യു.പി സ്‌കൂള്‍ എന്നിവക്ക് ജില്ല ഭരണകൂടം പ്രാദേശിക അവധി നല്‍കി. ചൂരല്‍മല പ്രദേശത്ത് കനത്ത മഴ തുടര്‍ന്ന് താഴ്ന്നയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പുലര്‍ച്ചെ നാലിന് മുണ്ടക്കൈ മലയില്‍ മണ്ണ് ഇടിച്ചില്‍  ഉണ്ടായതായി വിവരമുണ്ട്. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ചൂരല്‍മല പുഴയില്‍ പൊടുന്നനെ നീരൊഴുക്ക് ശക്തമാകുകയും വെള്ളത്തോടൊപ്പം മര കഷ്ണങ്ങള്‍ ഒഴുകി വന്നതായും പറയുന്നു. 

മഴയില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് കൂവളംകുന്നിലേക്ക് പോകുന്ന റോഡിന്റെ സൈഡില്‍ പുഴയരികിലായി മണ്ണിടിഞ്ഞു. വെള്ളരിമല വില്ലേജിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇവിടെ നിന്ന് രണ്ട് കുടുംബങ്ങളെ ഏലവയല്‍ അംഗന്‍വാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചു. പുത്തുമല കാശ്മീര്‍ ദ്വീപിലെ ഏതാനും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

ബാണാസുര അണക്കെട്ടില്‍ പതിനഞ്ച് സെന്റീമീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കും.772.85 മീറ്ററാണ് നിലവിലെജലനിരപ്പ്. ഇത് 773.5 മീറ്ററില്‍ എത്തിയാല്‍ ഡാം തുറക്കേണ്ടി വരും. കഴിഞ്ഞ ദിവസം തന്നെ ജില്ലകലക്ടര്‍ അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. ബാണാസുര ഡാം തുറക്കുന്നപക്ഷം വെള്ളം കടന്നുപോകുന്ന കടമാന്‍ തോട് അടക്കമുള്ള ജലാശയങ്ങളുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളരിമല പുഞ്ചിരിമട്ടം നഗര്‍ നിവാസികളെ വെള്ളാര്‍മല ജി.വി.എച്ച്.എസിലേക്ക് മാറ്റി പാര്‍പ്പിച്ചു.

Read More : ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴ ശക്തം, 5 ദിവസം ഇടിമിന്നലോടെ മഴ, നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് അതിവേഗ സ്പെഷ്യൽ കോടതി
വാടാനാംകുറുശ്ശിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്