മണ്ണിടിച്ചിൽ ഭീഷണി: കാസര്‍കോട് അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിരോധിച്ചു

By Web TeamFirst Published Jul 24, 2019, 8:41 PM IST
Highlights

കരിമ്പില ഭാഗത്ത് ഇരുപത്തഞ്ചടി ഉയരത്തിൽ വിണ്ട് മാറിയ നിലയിലുള്ള കുന്ന് ഏത് നിമിഷവും റോഡിലേക്ക് വീഴാമെന്ന അവസ്ഥയിലാണ്. റോഡും തകർന്നിരിക്കുകയാണ്. ഇതോടെയാണ് ഈ വഴിയിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.

കാഞ്ഞങ്ങാട്: കാലവര്‍ഷം കനത്തതോടെ കാസർകോടെ പ്രധാന പാത മണ്ണിടിച്ചിൽ ഭീഷണിയിൽ. മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചെർക്കള-പുത്തൂർ അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിരോധിച്ചു. റോഡ് വികസനത്തിന് അശാസ്ത്രീയമായി മണ്ണെടുത്തതാണ് റോഡ് തകരാൻ കാരണമെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് വീഴാൻ തുടങ്ങിയത്. കരിമ്പില ഭാഗത്ത് ഇരുപത്തഞ്ചടി ഉയരത്തിൽ വിണ്ട് മാറിയ നിലയിലുള്ള കുന്ന് ഏത് നിമിഷവും റോഡിലേക്ക് വീഴാമെന്ന അവസ്ഥയിലാണ്. റോഡും തകർന്നിരിക്കുകയാണ്. ഇതോടെയാണ് ഈ വഴിയിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.

നിർമ്മാണത്തിലിരിക്കുന്ന കാസർഗോഡ് മെഡിക്കൽ കോളേജിലേക്കുള്ള പാതകൂടിയാണിത്. അടുത്തിടെയാണ് വീതി കൂട്ടൽ പ്രവർത്തികൾ ആരംഭിച്ചത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന നൂറുകണക്കിന് ബസുകളാണ് ദിവസവും ഇതുവഴി കടന്ന് പോകുന്നത്. മഴമാറി മണ്ണ് നീക്കിയതിന് ശേഷം മാത്രമേ റോഡ് തുറക്കുകയുള്ളുവെന്ന് പിഡബ്ലുഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

click me!