
കോഴിക്കോട്: പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ച നടത്തിയെന്നാരോപിച്ച് സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയെടുത്ത് കോഴിക്കോട് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍. ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തിയ സംഭവത്തിൽ കായക്കൊടി കെപിഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധികൃതരോട് ഹയര്‍സെക്കന്‍ഡറി വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടു.
രാവിലെ പ്ലസ് വണ്‍ ജേണര്‍ലിസം പരീക്ഷ നടത്താന്‍ ഒരുങ്ങുമ്പോഴാണ് ചോദ്യപ്പേപ്പര്‍ സ്കൂളില്‍ ഇല്ലെന്ന കാര്യം സ്കൂള്‍ അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് തൊട്ടടുത്ത പരീക്ഷ കേന്ദ്രത്തില്‍ നിന്ന് ചോദ്യപ്പേപ്പര്‍ വാങ്ങി ഫോട്ടോസ്റ്റാറ്റ് എടുത്തു. അതിന് ശേഷമാണ് പരീക്ഷ തുടങ്ങിയത്. പരീക്ഷ ഒരു മണിക്കൂറോളം വൈകുകയും ചെയ്തു. ഉച്ചക്ക് നടത്താനിരുന്ന കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷയുടേയും ചോദ്യപേപ്പര്‍ ഇത്തരത്തിൽ ഫോട്ടോസ്റ്റാറ്റ് എടുത്താണ് നടത്തിയത്.
ചോദ്യക്കടലാസ് പരീക്ഷ കേന്ദ്രത്തില്‍ എത്തിക്കുമ്പോള്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടോ എന്ന് സ്കൂള്‍ അധികൃതര്‍ പരിശോധിച്ച് കൃത്യത വരുത്തണമെന്നാണ് ചട്ടം. ഇത് പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam