
കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല കിഴക്കേക്കരയിലെ സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെള്ളക്കെട്ടിൽ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം രാവിലെ നാട്ടുകാർ കണ്ടത്. ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് നിഗമനം. എടക്കാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി ബാബു മരിച്ചു. വീടിന് സമീപത്തെ പുരയിടത്തില്‍ പൊട്ടികിടന്ന ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണം. കോഴിക്കോട് കല്ലാനോട് ശക്തമായ മഴയില്‍ കൂറ്റന്‍ പാറ അടര്‍ന്നു വീണു. ഉഗ്ര ശബ്ദത്തോടെ പാറകല്ല് വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ഉരുള്‍ പൊട്ടല്‍ ഉള്‍പ്പെടെയുളള അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുമ്പും മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്. നീരൊഴുക്ക് കൂടിയതോടെ പാലക്കാട് മംഗലം ഡാമിൻ്റെ രണ്ട ഷട്ടറുകൾ തുറന്നു. ഒന്നും അഞ്ചും ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഡാം തുറന്നതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam