
കല്‍പ്പറ്റ: വയനാട്ടിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇന്ന് രാവിലെ വരെ നിര്‍ത്താതെ പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും പനമരം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ വല്ലാട്ട്പറമ്പില്‍ ഷാജിക്ക് നഷ്ടമായത് സ്വന്തം വീട്. മഴയോടൊപ്പം വീശിയ കാറ്റില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരുടെ വീടിന് മുകളിലേക്ക് മരം വീണത്. ഏകദേശം എട്ട് അടി വണ്ണമുള്ള വീട്ടിമരം കടപുഴകിവീണതോടെ ഷീറ്റ് മേഞ്ഞിരുന്ന വീട് ഏതാണ്ട് എല്ലാ ഭാഗവും തകര്‍ന്നു. ഷാജിയും ഭാര്യയും മകളും കിടന്ന കട്ടിലിലേക്ക് കാര്യമായി വീടിന്റെ ഷീറ്റും ചുമരിന്റെ അവശിഷ്ടങ്ങളും പതിക്കാതിരുന്നത് കൊണ്ട് മാത്രമാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനാംഗങ്ങള്‍ മരം മുറിച്ച് നീക്കിയാണ് വീട്ടുസാധനങ്ങള്‍ അടക്കം പുറത്തെടുത്തത്.
ദിവസങ്ങളായി ജില്ലയില്‍ മഴ കനത്തു പെയ്യുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രിയോടെയാണ് കാറ്റ് വീശി തുടങ്ങിയത്. പലയിടങ്ങളിലും വീടുകള്‍ക്കും മുകളിലും റോഡിന് കുറുകെയും വ്യാപകമായി മരങ്ങള്‍ വീണു. ഇന്ന് ഉച്ച വരെ ജോലി ചെയ്താണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഗതാഗത തടസങ്ങളും വൈദ്യുതി തടസവും മാറ്റിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ രാത്രി പോയ വൈദ്യുതി ഉച്ചക്ക് ശേഷമാണ് പുനഃസ്ഥാപിക്കാനായത്.
ബത്തേരി ഫയര്‍സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചെതലയം, പൊന്‍കുഴി, പാടിച്ചിറ, കൊളഗപ്പാറ, നൂപ്പുഴ, അരിവയല്‍, മന്ദംകൊല്ലി, കാരംകൊല്ലി, കുമ്പളേരി എന്നിവിടങ്ങളിലും കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന് കീഴില്‍ വരുന്ന മുണ്ടേരി, സുഗന്ധഗിരി, താമരശ്ശേരി ചുരം, മേപ്പാടി, വൈത്തിരി, ചുണ്ടേല്‍ എന്നിവിടങ്ങളിലും മാനന്തവാടി ഫയര്‍സ്റ്റേഷന് കീഴിലെ വള്ളിയൂര്‍ക്കാവ് കാവണക്കുന്ന് റോഡില്‍ മരം വീണ് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. പേര്യ 36-ല്‍ രാവിലെ എട്ടരയോടെ മരം റോഡിലേക്ക് കടപുഴകി വീണ് നെടുമ്പൊയില്‍- മാനന്തവാടി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ എത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
എടവക ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പാറക്കണ്ടി മോഹനന്റെ വീടിനു മുകളില്‍ വീടിനു ചേര്‍ന്നുള്ള മരം കടപുഴകി വീണു. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സിന് കീഴിലെ പൊഴുതന കോളിച്ചാല്‍ വയല്‍ക്കുന്ന് ഉന്നതിയിലെ ബാബുവിന്റെ വീടിന് മുകളില്‍ മരം വീണു. വീടിന് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഏറെ നേരം ശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. ബത്തേരി- പനമരം റോഡില്‍ മൂന്നാനക്കുഴിയില്‍ റോഡിനു കുറുകെ വീണ മരം ബത്തേരി അഗ്‌നി രക്ഷസേനാംഗങ്ങള്‍ എത്തി മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. പുല്‍പ്പള്ളി മേഖലയിലും മഴയും കാറ്റും ശക്തമായിരുന്നു. ഇവിടെയും റോഡിന് കുറുകെ മരം വീണ് ഗതാഗത തടസം ഉണ്ടായി. അതേ സമയം ജില്ലയിലെ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ അപകടസാധ്യതയുള്ള മേഖലകളിലെല്ലാം സജീവമായിരുന്നു.