
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌൺ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ് പി അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നൽകി. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പണം തട്ടാനും ശ്രമം നടന്നു. പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മറ്റ് പ്രതികൾ, അതിൽ വഴങ്ങാതായതോടെ അഫ്സീനയും ഷമീറും ചേർന്ന് പരാതിക്കാരിയെ കൂട്ടി നടക്കാവ് പൊലീസിൽ പരാതി നൽകി. ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ അഫ്സീനയുടെയും ഷമീറിന്റെയും പങ്ക് വ്യക്തമായത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കർണ്ണാടകയിലെ കുടകിലുള്ള ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവർക്ക് സഹായം ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലും നേരത്തെ അറസ്റ്റിലായിരുന്നു. സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ. കെ കെ, ദീപ്തിഷ് കെ പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam