മുതലമടയിലെ മാന്തോപ്പ് തൊഴിലാളികളില്‍ കാന്‍സര്‍ കൂടുന്നു; അറിയില്ലെന്ന് പഞ്ചായത്തും കൃഷിവകുപ്പും

By Web TeamFirst Published Oct 21, 2018, 7:06 PM IST
Highlights

മുതലമടയിലെ മാന്തോപ്പുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ അർബുദമുൾപ്പെടെയുളള രോഗങ്ങൾ വ്യാപിക്കുന്നു. അനിയന്ത്രിതമായ അളവിൽ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ഫലമായാണ് മാരക രോഗങ്ങൾ വ്യാപിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 


പാലക്കാട്: മുതലമടയിലെ മാന്തോപ്പുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ അർബുദമുൾപ്പെടെയുളള രോഗങ്ങൾ വ്യാപിക്കുന്നു. അനിയന്ത്രിതമായ അളവിൽ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ഫലമായാണ് മാരക രോഗങ്ങൾ വ്യാപിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിൽ കീടനാശിനികളുണ്ടാക്കിയ  ദൂഷ്യഫലങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

മുതലമട ബാബു കോളനിലെ സുകന്യ മുട്ടുവേദനയെ തുടർന്ന് നടക്കാനാവാതായപ്പോളാണ് സ്കൂൾ പഠിത്തം നിർത്തിയത്. ഇപ്പോൾ ചികിത്സ തൃശ്ശർ മെഡി. കോളേജിൽ അസ്ഥിമജ്ജയെ ബാധിച്ച അർബുദത്തിന് ചികിത്സയിലാണ്.  എന്നാല്‍ തന്റെ അസുഖമെന്ന് ഈ കുഞ്ഞിനറിയില്ല. സുകന്യയെപ്പോലെ നിരവധി പേരുണ്ട് മുതലമടയിലെ ആദിവാസി കോളനികളിൽ അർബുദ ബാധിതരായി. മിക്കവരും മാന്തോപ്പുകളിൽ  പണിയെടുക്കുന്നവരോ, അവരുടെ ആശ്രിതരോ ആണ്. രോഗമെന്തെന്നറിയുന്നവർ കുറവാണ്. അറിഞ്ഞാത്തന്നെ വെളിപ്പെടുത്താത്തവരുമുണ്ട്.

കീടനാശിനി തളിക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യുന്ന രണ്ടിലൊരാൾക്ക് ക്യാൻസർ ഉണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പും പരിസ്ഥിതി സംഘടനകളും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തെ കുറിച്ച് അറിയില്ലെന്ന വിശദീകരണമാണ് മുതലമട പഞ്ചായത്തും കൃഷിവകുപ്പും നൽകുന്നത്.  കീടനാശിനി പ്രയോഗത്തിന് ഇനിയും നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ കാസർകോട്ടെ എൻഡോസൾഫാൻ ബാധിത മേഖലയ്ക്ക് സമാന അവസ്ഥയിലേക്കെത്തുമെന്നാണിവരുടെ ആശങ്ക. 

click me!