
കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 1,851 തടവുകാരുണ്ടെന്നും, ശിക്ഷ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെനും ജസ്റ്റിസ് വിഎം ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇളവിനായുള്ള അപേക്ഷ നിഷേധിക്കപ്പെട്ട തടവുകാരുടെ വിവരങ്ങൾ അറിയിക്കാനും, അവർക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കാനും കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) കോടതി നിർദേശം നൽകി. ജയിൽ ഉദ്യോഗസ്ഥരും ലീഗൽ സർവീസസ് അതോറിറ്റി പ്രതിനിധികളും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു.
ജീവപര്യന്തം തടവുകാരിൽ 316 പേർ ശിക്ഷ ഇളവിന്റെ കാര്യത്തിൽ ജയിൽ ഉപദേശക ബോർഡിന്റെ പരിഗണനയ്ക്ക് അർഹരാണെന്ന് ജയിൽ വകുപ്പ് കോടതിയെ അറിയിച്ചു. ഇളവിനായുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നിശ്ചയിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് നിർദേശവും നൽകി.
വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയും നിലവിൽ പരിഗണനയിലുണ്ട്. അതേസമയം, കുറ്റകൃത്യങ്ങളിൽ പങ്കാളികളായ വിദേശികളെ പാർപ്പിക്കുന്ന ട്രാൻസിറ്റ് ഹോമുകളിലെ തിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്തു. കേസ് ജൂലൈ 27ന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam