
കൊടുവള്ളി: ലോകകപ്പ് മത്സര വേളയിൽ ബ്രസീൽ താരം നെയ്മർ, അർജന്റീനിയൻ താരം മെസ്സി, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ചെറുപുഴയിൽ സ്ഥാപിച്ചെതിനെതിരെ ശ്രീജിത്ത് പെരുമന നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് എസ്സ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ലോകകപ്പ് പോലെയുള്ള വലിയ ആഘോഷങ്ങളുടെ കാലയളവിൽ ആളുകൾ ഇത്തരം ആരാധന പ്രകടിപ്പിക്കുന്നതിനെ നിയമവിരുദ്ധമായി കാണേണ്ടതുണ്ടോ എന്ന് ഹർജി പരിഗണിക്കവെ കോടതി വാക്കാൽ ചോദിച്ചു.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചു എന്നും ജില്ലാ കലക്റ്ററും കൊടുവള്ളി നഗരസഭയും പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്നുമായിരുന്നു ഹർജിയിലെ ആരോപണം. തുടർന്ന് നഗരസഭ പരാതി പരിഗണിച്ചില്ല എന്നതിന്റെ പേരിൽ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ ഹർജി പരിഗണിക്കവെ ഡിസംബർ 20 ന് മുമ്പ് തന്നെ കട്ടൗട്ടുകൾ നീക്കം ചെയ്തു എന്നും കട്ടൗട്ടുകൾ പുഴയുടെ നിരോഴുക്കിനെ തടസ്സപെടുത്തിയിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊടുവള്ളി നഗരസഭ വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കൗൺസിലർ അഡ്വ. മുഹമ്മദ് ശാഫി കൊടുവള്ളി നഗരസഭക്ക് വേണ്ടി ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam