തുകലിനെ വെല്ലും ഫൈബ‍ർ: പ്രദീപിന്‍റെ വാദ്യോപകരണങ്ങൾക്ക് കടൽ കടന്നും ആവശ്യക്കാ‍ർ

By Web TeamFirst Published May 29, 2019, 10:36 AM IST
Highlights

വാദ്യോപകരണ രംഗത്ത് തുകലിന് പകരം ഫൈബർ പരീക്ഷിച്ചപ്പോൾ പ്രദീപിനെ വിമർശിച്ചവരേറെ. പല കൊട്ടുകാരും മുഖം ചുളിച്ചു. പലയിടങ്ങളിലും ഫൈബർ തിമിലയ്ക്ക് വിലക്കായി

തൃശൂ‍ർ: വാദ്യോപകരണ നിർമ്മാണത്തിന് തുകൽ കിട്ടാതായതോടെ ഫൈബർ പരീക്ഷണവുമായി പഴയന്നൂർ സ്വദേശി പ്രദീപ്. തിമില, ഇടയ്ക്ക, ഉടുക്ക് എന്നിവയാണ് പ്രദീപ് ഫൈബർ ഉപയോഗിച്ച് നിർമ്മിക്കുന്നത്. ഫൈബർ വാദ്യോപകരണങ്ങൾക്ക് കടൽ കടന്നും ആവശ്യക്കാരേറെ എത്തുന്നുണ്ട്.

വാദ്യോപകരണ രംഗത്ത് തുകലിന് പകരം ഫൈബർ പരീക്ഷിച്ചപ്പോൾ പ്രദീപിനെ വിമർശിച്ചവരേറെ. പല കൊട്ടുകാരും മുഖം ചുളിച്ചു. പലയിടങ്ങളിലും ഫൈബർ തിമിലയ്ക്ക് വിലക്കായി.എന്നാൽ തുകൽ ക്ഷാമം കാരണം വിപണി പ്രതിസന്ധിയിലായതോടെ കലാകാരന്മാർ പ്രദീപിനെത്തേടിയെത്തി. 

മോട്ടോർ വൈൻഡിങ്ങിനുപയോഗിക്കുന്ന ഫൈബർ ഷീറ്റാണ് പ്രധാന അസംസ്കൃത വസ്തു. തുകലിന് സമാനമായ നിറവും പ്രത്യേക മിശ്രിതവും ചേർത്താണ് തുകലിനെ വെല്ലുന്ന വാദ്യോപകരണങ്ങൾ നിർമ്മിക്കുന്നത്. ഏത് കാലാവസ്ഥയിലും ശബ്ദവത്യാസമില്ലാതെ ഉപയോഗിക്കാം എന്നതാണ് ഫൈബർ തിമിലയുടെ ഗുണം.

തകിൽ, ഗഞ്ചിറ,തുടങ്ങി ഒട്ടു മിക്ക വാദ്യങ്ങളും പ്രദീപ് ഫൈബറിൽ നിർമ്മിക്കുന്നുണ്ട്. ചെണ്ട, മദ്ദളം എന്നിവ കൂടി പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അമേരിക്കയിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും വരെ വാദ്യോപകരണങ്ങൾക്ക് ഓർഡറുകൾ എത്തുന്നുണ്ട്. തോൽ ഉപയോഗിച്ച് നിർമ്മിക്കുന്നവയേക്കാൾ വിലക്കുറവാമെന്നതും ഫൈബർ വാദ്യോപകരണങ്ങളെ സ്വീകാര്യമാക്കുന്നു.
 

click me!