
മാനന്തവാടി: വിദ്യാര്‍ഥിനികള്‍ ഹിജാബ് (Hijab) അണിഞ്ഞെത്തിയതുമായി ബന്ധപ്പെട്ട് മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ഉടലെടുത്ത പ്രശ്‌നത്തിന് സബ്കലക്ടര്‍ ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ വിളിച്ചുച്ചു ചേര്‍ത്ത യോഗത്തില്‍ പരിഹാരം. ഹിജാബ് അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പ് പറയാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യോഗത്തെ അറിയിക്കുകയായിരുന്നു. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കി പത്രക്കുറിപ്പും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചക്കാണ് മാനന്തവാടിയിലെ സബ് കലക്ടറുടെ ഓഫീസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്.
ഹിജാബ് ധരിച്ച് സ്കൂളിലെത്തിയ കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. പ്രിന്‍സിപ്പലും രക്ഷിതാവും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകള്‍ സ്കൂളിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഒരു മതത്തിന്റെ കാര്യവും സ്‌കൂളില്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലതെന്നും കുട്ടികള്‍ പഠിക്കാനാണ് വരുന്നതെന്നും വീഡിയോയില്‍ പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. ഇതോടെ തന്റെ കുട്ടിയെ ഇവിടെ പഠിപ്പിക്കുന്നില്ലെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു. അപേക്ഷ തന്നാല്‍ ടി.സി തരാമെന്നായിരുന്നു അപ്പോള്‍ പ്രിന്‍സിപ്പലിന്റെ മറുപടി.
പരാതി നല്‍കുമെന്നറിയിച്ചാണ് രക്ഷിതാവ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നിറങ്ങിയത്. വീഡിയോ വൈറലായതിന് പിന്നാലെ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സബ്കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. മാനന്തവാടി ഡി.വൈ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.എ പ്രസിഡന്റ്, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഖുറാന്‍ മുന്‍നിര്‍ത്തി ഹിജാബിനുവേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല; കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍
ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു. വസ്ത്രവും ഭക്ഷണവും മതാചാരങ്ങളുടെ ഭാഗമല്ല. പ്രത്യേക മതവിഭാഗത്തിനായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാവില്ല. ശബരിമല കേസിലും മുത്തലാഖ് കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ല. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
'ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കും'; യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമെന്ന് അമിത് ഷാ
ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ . വിഭജന ശക്തികൾക്ക് കോടതിയിൽ തിരിച്ചടിയേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും യുണിഫോം എല്ലാവർക്കും ബാധകമെന്നും അമിത് ഷാ പറഞ്ഞു. കർണ്ണാടക ഹൈക്കോടതിയിൽ കേസ് തുടരുമ്പോഴാണ് അമിത് ഷാ നിലപാട് വ്യക്തമാക്കുന്നത്. യൂണിഫോം എല്ലാവർക്കും ബാധമകമാണ് എന്ന് അമിത് ഷാ ഒരു മാധ്യമത്തോട് പറഞ്ഞു. എല്ലാ സമുദായങ്ങളും ഇത് ഒരുപോലെ അംഗീകരിക്കണം. ഹിജാബ് വിഷയം സമൂഹത്തെ വിഭജിക്കാൻ ചിലർ ഉപയോഗിക്കുന്നു. ഇവർക്ക് കോടതിയിൽ തിരിച്ചടി ഏല്‍ക്കും എന്നാണ് പ്രതീക്ഷ. വിധി എന്തായാലും അത് സർക്കാർ അനുസരിക്കുമെന്നും അമിത് ഷാ പറഞ്ഞു.