
തിരുവനന്തപുരം: മകൻ്റെ മടങ്ങി വരവിന് കാത്തുനിൽക്കാതെ സുന്ദരേശൻ യാത്രയായി. 9 വർഷം മുൻപ് വിദേശത്ത് കാണാതായ മകനെ കണ്ടെത്തി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് മകനെ കാണണം എന്ന ആഗ്രഹം ബാക്കിയാക്കി ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ സി.സുന്ദരേശൻ (73) യാത്രയായത്. ഇന്നലെ വൈകുന്നേരമാണ് സുന്ദരേശൻ മരിച്ചത്. വർഷങ്ങൾക്ക് മുമ്പാണ് സുന്ദരേശന്റെ മകൻ പ്രവീൺ അബുദാബിയിലേക്ക് ജോലിക്കായി പോയത്. രണ്ട് വർഷത്തോളം വീട്ടുകാരുമായി വിവരങ്ങൾ പങ്കുവെച്ചിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ടില്ല.
പ്രവീണിനെ കണ്ടെത്തുന്നതിനായി കുടുംബം നിരന്തരമായി പരിശ്രമിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെ നടത്തിയിരുന്നു രണ്ട് മാസം മുമ്പാണ് തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ ഐ.പി.ബിനുവിന് സുഹൃത്തായ പ്രവാസിയുടെ അപ്രതീക്ഷിതമായ വിളി എത്തുന്നത്. ഈ സുഹൃത്തിനോട് ബിനു കാര്യങ്ങൾ വിശദീകരിച്ചു. ആര്യനാട് സ്വദേശിയായ യുവാവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശത്താണെന്നും കുടുംബവുമായി ബന്ധപ്പെട്ടിട്ട് വർഷങ്ങളായെന്നും അറിയിച്ചു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ആര്യനാട് സ്വദേശിയും ആയ ആർ.പ്രശാന്തിന്റെ ഫോൺ നമ്പറും ബിനു സുഹൃത്തിന് നൽകി.
കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽ, തിരിച്ചറിഞ്ഞത് ടാറ്റൂവിന്റെ സഹായത്തോടെ
തുടർന്ന് പ്രവീണിന്റെ പാസ്പോർട്ടിന്റെ കോപ്പി അയച്ചുകൊടുത്തു. ഉടൻ തന്നെ പ്രശാന്ത് സുഹൃത്തായ ആര്യനാട് സ്വദേശി സി.എസ്.അജേഷിനെ വിവരം അറിയിക്കുകയും ഇരുവരും ചേർന്ന് പ്രവീണിന്റെ വീട്ടിൽ എത്തുകയും ചെയ്തു. ശേഷം വിഡിയോ കോളിലൂടെ പ്രവീണുമായി സംസാരിക്കുകയും ചെയ്തു. പ്രവീണിന് പാസ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നും അനധികൃതമായി അബുദാബിയിൽ കഴിഞ്ഞതിൻ്റെ പിഴത്തുക ഒടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി പ്രവീണിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണു സുന്ദരേശൻ്റെ അപ്രതീക്ഷിത മരണം. ഇതോടെ ഒമ്പതുവർഷത്തെ കാത്തിരിപ്പ് വെറുതെയായി സുന്ദരേശൻ മടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam