
തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ 50 ശതമാനം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയതായി സര്‍ക്കാര്‍. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകൾക്കാണ് ഇതുവരെ ടാപ്പ് വഴി കണക്ഷന്‍ ലഭ്യമാക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് 'ഹർ ഘർ ജൽ' പദവി നേടിയിട്ടുണ്ട്. മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ജലജീവൻ മിഷൻ പൂർത്തിയാകുന്ന 2024ഓടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ഇനിയും 35 ലക്ഷത്തോളം കണക്ഷൻ നൽകേണ്ടതുണ്ട്.
കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ എന്നു കണക്കാക്കിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി ആരംഭിക്കുമ്പോൾ നിലവിലുണ്ടായിരുന്ന ജലവിതരണ പദ്ധതികളിൽനിന്നെല്ലാം പൂർണശേഷിയിൽ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ബാക്കി നൽകാനുള്ള കണക്ഷനുകൾക്ക് ജല ശുദ്ധീകരണശാലയുൾപ്പെടെ സമഗ്രവും സുസ്ഥിരവുമായ ശുദ്ധജലവിതരണ പദ്ധതികൾ പുതുതായി നിർമിച്ചുകൊണ്ടാണ് കണക്ഷൻ നടപടികൾ പുരോഗമിക്കുന്നത്.
Read also: നൗഷാദ് തിരോധാന കേസ്; അഫ്സാനയെ മർദ്ദിച്ചെന്ന ആരോപണം കളവെന്ന് പൊലീസ്, വീഡിയോ തെളിവ് പുറത്തുവിട്ടു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam