
കോഴിക്കോട്: അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. പ്രതികൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ അഞ്ച് മിനിറ്റിൽ അൽഫാം തയ്യാറാക്കി നൽകണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാധിക്കില്ലെന്നും 15 മിനിറ്റ് താമസമുണ്ടെന്നും ഹോട്ടൽ ജീവനക്കാർ മറുപടി നൽകി. ഇതിൽ കുപിതരായ യുവാക്കളും ഹോട്ടലിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമായി.
പിന്നാലെ ഏഴംഗം സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഹോട്ടലിന് വെളിയിലേക്ക് ഇറങ്ങിയ ശേഷമായിരുന്നു മർദ്ദനം. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവർ ചികിത്സ തേടി. പിന്നാലെ സംഭവത്തിൽ കേസെടുത്ത തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാക്കളെ തിരിച്ചറിയാനാണ് ശ്രമം.
കാറിലാണ് ഇലന്ത്കടവിലെ ഹോട്ടലിലേക്ക് കോടഞ്ചേരി മീൻമുട്ടി സ്വദേശികളായ ഏഴംഗ സംഘം എത്തിയത്. അൽഫാം ഓർഡർ ചെയ്ത ഉടൻ തന്നെ അഞ്ച് മിനിറ്റിൽ ഭക്ഷണം തരണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. സമയമെടുക്കുമെന്ന് ജീവനക്കാരൻ പറഞ്ഞപ്പോൾ തന്നെ യുവാക്കൾ കുപിതരായി. പിന്നാലെ അസഭ്യ വർഷവും വാക്കേറ്റവും തുടങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ പിടികൂടിയത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാക്കളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഭക്ഷണം ഓർഡർ ചെയ്ത് ഏറെ നേരം കാത്തുനിർത്തിയെന്നും മുൻവൈരാഗ്യത്തിന്റെ പേരിൽ ഭക്ഷണമില്ലെന്ന് പറഞ്ഞുവെന്നുമാണ് യുവാക്കൾ പറയുന്നത്. ഹോട്ടൽ ജീവനക്കാരാണ് തങ്ങളെ മർദ്ദിച്ചതെന്ന് കാണിച്ച് യുവാക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിലും തിരുവമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam