60 വർഷത്തെ സേവനപ്പെരുമയിൽ എച്ച്എല്‍എല്‍, സമഗ്ര വികസന, വൈവിധ്യവത്ക്കരണ പദ്ധതികൾക്ക് തുടക്കം

Published : Aug 15, 2025, 05:49 PM IST
hll

Synopsis

അറുപതാം വാർഷികത്തിൽ എത്തിനിൽക്കുന്ന എച്ച്എല്‍എല്‍ ലൈഫ്കെയർ, പുതിയ വികസന പദ്ധതികൾ ആരംഭിക്കുന്നു. മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റൽ ഹെൽത്ത്, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ മേഖലകളിലേക്കാണ് കടക്കുന്നത്

തിരുവനന്തപുരം: രാജ്യം എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ, ആരോഗ്യമേഖലയിൽ നിർണായക സാന്നിധ്യമായ എച്ച് എല്‍ എല്‍ ലൈഫ്കെയർ ലിമിറ്റഡ് തങ്ങളുടെ പ്രവർത്തനങ്ങളുടെ അറുപതാം വാർഷികത്തിൽ എത്തിനിൽക്കുകയാണ്. ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച് എല്‍ എല്‍. വജ്ര ജൂബിലി'യുടെ ഭാഗമായി എച്ച് എല്‍ എല്‍ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റൽ ഹെൽത്ത്, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്കാണ് എച്ച് എല്‍ എല്‍ കടക്കുന്നത്.

പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രമാണ് എച്ച് എല്‍ എല്ലിനുള്ളത്. ജനസംഖ്യാ വർധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1966 മാർച്ച് 1 നാണ് എച്ച് എല്‍ എല്‍ സ്ഥാപിതമായത്. ഇന്ന്, എച്ച് എല്‍ എല്ലിന് എട്ട് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് R&D സെന്ററുമുണ്ട്. ഇതുവരെ 55 ബില്യണിലധികം ഗർഭനിരോധന ഉറകൾ നിർമ്മിച്ച്, രാജ്യത്തിന്‍റെ മൊത്തം പ്രത്യുത്പാദന നിരക്ക് (Total Fertility Rate - TFR) കുറയ്ക്കുന്നതിലൂടെ ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ എച്ച് എല്‍ എല്‍ സഹായിച്ചു. 1990 കളിൽ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച് എല്‍ എല്‍, 2000 ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങി. മൂഡ്‌സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70 ലധികം ബ്രാൻഡുകൾ ഇന്ന് എച്ച് എല്‍ എല്‍ വിപണിയിലെത്തിക്കുന്നു.

2000 - കളിൽ നിർമ്മാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയിൽ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് കടന്ന എച്ച് എല്‍ എല്‍, ഈ രംഗങ്ങളിലെ ഇടപെടലുകളിലൂടെ നിരക്കുകൾ ഏകീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു വരുന്നു. 'അമൃത് ഫാർമസി' എന്ന സംരംഭത്തിലൂടെ, ജീവൻ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകാനും എച്ച് എല്‍ എല്ലിന് സാധിച്ചു. താങ്ങാനാവുന്ന നിരക്കിൽ ആർത്തവ കപ്പുകളും സാനിറ്ററി നാപ്കിനുകളും ലഭ്യമാക്കിയതിലൂടെ എച്ച് എല്‍ എല്‍ ആർത്തവ ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.

കൊവിഡ് 19 കാലത്ത് കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചുകൊണ്ട്, 230 ദശലക്ഷം പി പി ഇ കിറ്റുകളും 59,873 വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള അവശ്യ ഉത്പന്നങ്ങൾ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഈ നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ ആരോഗ്യസംവിധാനം തകരാതെ കാത്തുസൂക്ഷിക്കുന്നതിൽ എച്ച്എല്‍എല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഒരു രാജ്യത്തിന്റെ യഥാർത്ഥ ആരോഗ്യ സ്വാതന്ത്ര്യം എന്നത് ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുന്നതിലാണ്. താങ്ങാനാവുന്ന വിലയിൽ മികച്ച ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന അടിസ്ഥാന ദൗത്യത്തിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി എച്ച്എല്‍എല്‍ ഉറച്ചുനിന്നു. ഈ പ്രതിബദ്ധതയാണ് ആരോഗ്യമേഖലയിൽ എച്ച് എല്‍ എല്ലിനെ വ്യത്യസ്തമാക്കുന്നത്. പൊതുജനാരോഗ്യം മുൻനിർത്തി സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളിലൂടെ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആരോഗ്യപദ്ധതികൾക്ക് എച്ച് എല്‍ എല്‍ ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.

വികസന പദ്ധതികളുടെ ഭാഗമായി, രാജ്യത്തുടനീളം ഹോളിസ്റ്റിക് ആൻഡ് വെൽനസ് ക്ലിനിക്കുകൾ ആരംഭിക്കാൻ എച്ച് എല്‍ എല്‍ ലക്ഷ്യമിടുന്നു. കൂടാതെ, ഹിന്ദ്‌ലാബ്സ്, അമൃത് ശൃംഖലകൾ രാജ്യത്തിനകത്തും പുറത്തും വിപുലീകരിക്കാനും ആർത്തവ കപ്പ് സംരംഭം ആഗോളതലത്തിൽ വ്യാപിപ്പിക്കാനും 'സസ്റ്റെയിൻഡ്' പോലുള്ള നൂതന പദ്ധതികളിലൂടെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് കൂടുതൽ കരുത്ത് പകരാനും എച്ച് എല്‍ എല്‍ ഒരുങ്ങുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം