ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച്എൽഎൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു

Published : Jun 27, 2025, 07:12 PM IST
hll amrit

Synopsis

ഐ എസ് ആർ ഒ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം: മിതമായ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങളിൽ എച്ച് എൽ എൽ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചു. വലിയമല, വട്ടിയൂർക്കാവ്, തുമ്പ എന്നീ കേന്ദ്രങ്ങളിലാണ് മൂന്ന് പുതിയ അമൃത് ഫാർമസികൾ പ്രവർത്തനം ആരംഭിച്ചത്. ആലുവയിലുള്ള ഐ എസ് ആർ ഒ കേന്ദ്രത്തിൽ അമൃത് ഫാർമസിയുടെ നാലാമത്തെ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. ഐ എസ് ആർ ഒ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. എച്ച് എൽ എല്ലിന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് അമൃത് ഫാർമസികളുടെ ശൃംഖല വിപുലീകരിക്കുന്നത്.

വലിയമലയിലെ ഐ എസ് ആർ ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (എൽ പി എസ് സി) അമൃത് ഫാർമസിയുടെ ഉദ്ഘാടനം എൽ പി എസ് സി വലിയമല അസോസിയേറ്റ് ഡയറക്ടർ ആർ ഹൂട്ടൻ നിർവഹിച്ചു. വട്ടിയൂർക്കാവ് ഫാർമസിയുടെ ഉദ്ഘാടനം ഐ എസ് ആർ ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് ഡയറക്ടർ പത്മകുമാർ നിർവഹിച്ചു. തുമ്പയിലെ ഫാർമസിയുടെ ഉദ്ഘാടനം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു.

ഐ എസ് ആർ ഒ ജീവനക്കാർ, പെൻഷനേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 38,000 ത്തിലധികം ആളുകൾക്ക് അമൃത് ഫാർമസിയുടെ സേവനം ലഭ്യമാകും. കൂടാതെ, എച്ച് എൽ എൽ ഫാർമസി & സർജിക്കൽസ്, എച്ച് എൽ എൽ ഒപ്റ്റിക്കൽസ്, അമൃത് ഫാർമസികൾ എന്നിവയുൾപ്പെടെയുള്ള എച്ച് എൽ എല്ലിന്റെ കേരളത്തിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ക്രെഡിറ്റ് രീതിയിൽ മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങുവാനുള്ള സൗകര്യവും എച്ച് എൽ എൽ, ഐ എസ് ആർ ഒ ജീവനക്കാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ആദ്യത്തെ അമൃത് ഫാർമസിയുടെ ഉദ്ഘാടനം 2015 നവംബർ 15 ന് ദില്ലിയിലെ എയിംസിൽ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദയാണ് നിർവഹിച്ചത്. ഇപ്പോൾ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, അമൃത് ശൃംഖല 220 ലധികം ഔട്ട്‌ലെറ്റുകളായി വളർന്ന് കഴിഞ്ഞിരിക്കുന്നു. അമൃത് ശൃംഖല സ്‌റ്റെന്റുകള്‍, ഓർത്തോപീഡിക് ഇംപ്ലാന്റുകൾ, മെഡിക്കൽ ഡിസ്‌പോസബിളുകള്‍ തുടങ്ങിയ ശസ്ത്രക്രിയ ഉത്പന്നങ്ങളും വിവിധ ബ്രാൻഡഡും ജനറിക് മരുന്നുകളും 50 ശതമാനം വരെ വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നു. അമൃത് ഫാർമസികൾ എല്ലാ എയിംസ് ക്യാമ്പസുകളിലും രാജ്യത്തെ മറ്റു ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അമൃത് ഫാർമസികൾ വഴി 6500 ൽ അധികം മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ലഭ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറ് കോടിയിലധികം രോഗികള്‍ക്ക് അമൃത് ഫാര്‍മസികളിലൂടെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏകദേശം 6,000 കോടി രൂപയുടെ ലാഭമാണ് മരുന്നിന്റെ ചിലവില്‍ നേടിക്കൊടുക്കാനായത്.

രാജ്യമെമ്പാടുമുള്ള ജോലിസ്ഥലങ്ങളിലും കമ്മ്യൂണിറ്റികളിലും താങ്ങാനാവുന്ന വിലയിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള എച്ച് എൽ എല്ലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഐ എസ് ആർ ഒയുടെ കേന്ദ്രങ്ങളിൽ പുതിയ ഫാർമസികൾ തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ, രാജ്യത്തുടനീളം മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തതോടെയും, കൊവിഡ് കാലം ഉൾപ്പെടെയുള്ള സമയങ്ങളിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതോടെയും, മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ അമൃത് ഫാർമസികൾക്ക് സാധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏത് മടിയൻമാര്‍ക്കും എളുപ്പം ചെയ്യാമെന്ന് ഉസ്സൻ!, ടെറസ് തോട്ടത്തിൽ 5 കിലോയുള്ള മെക്സിക്കൻ ജയന്റ് മുതൽ കൈകൊണ്ട് അടർത്തി കഴിക്കാവുന്ന ഹാൻഡ് പുള്ള് വരെ
തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്