
കണ്ണൂർ: പിടിച്ചാൽ കിട്ടാത്ത സ്വർണ വില കണ്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും. അപ്പോഴാണ് വീണുകിട്ടിയ പൊന്നെല്ലാം ഉടമസ്ഥരെ തേടിപിടിച്ചു തിരികെ നൽകി ഒരു ടാക്സി ഡ്രൈവർ മാതൃകയാകുന്നത്. ഒന്നും രണ്ടും തവണയല്ല ഏഴു തവണയാണ് കണ്ണൂർ ചെറുപുഴയിലെ സി എം അലി കളഞ്ഞു കിട്ടിയ ആഭരണങ്ങൾ തിരിച്ചുനൽകിയത്.
ഏറ്റവുമൊടുവിൽ ചെറുപുഴ ടൗണിൽ നിന്ന് കിട്ടിയതൊരു സ്വർണ വളയാണ്. ഒരു പവനിലധികം വരും. പൊലീസിന്‍റെ സഹായത്തോടെ പ്രാപ്പൊയിൽ സ്വദേശിനിക്കത് തിരിച്ചു നൽകി. അങ്ങനെ ഏഴു തവണ, ഏഴു പുഞ്ചിരികൾ. എന്നന്നേയ്ക്കുമായി നഷ്ടമായെന്ന് കരുതിയത് തിരിച്ചുകിട്ടുമ്പോഴുള്ള ഉടമസ്ഥരുടെ ഒരു ചിരി മാത്രം മതി അലിക്ക്, പൊന്നിനേക്കാൾ വിലയുളള പുഞ്ചിരി.
20 വർഷം മുൻപാണ് ആദ്യമായൊരു സ്വർണാഭരണം വീണുകിട്ടിയത്. അന്ന് തുടങ്ങിയ ശീലം. പിന്നീട് അര പവനും ഒരു പവനും രണ്ട് പവനും ആറ് പവനുമൊക്കെ കിട്ടി. എല്ലാം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമസ്ഥർക്ക് തിരിച്ചുനൽകി. സ്വർണം മാത്രമല്ല പണവും രേഖകളുമെല്ലാം തിരികെ കിട്ടിയവരുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലുണ്ട് അലി. ടാക്സിയാണ് ജീവിത മാർഗം, അതു തുടരണം. കഴിയുന്നത്രയും പേർക്ക് ആശ്വാസമാകണം. നന്മയുടെ ഉറവ വറ്റാത്തൊരു പുഴ പോലെ ഒഴുകുകയാണ് സി എം അലി.