
തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകൻ ടി.എ.അരുണിനും എതിരായ പീഡന പരാതിക്ക് പിന്നിൽ ഹണി ട്രാപ്പ്. വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. പ്രവീണിനെ പിടികൂടാൻ കർണാടക പൊലീസ് ഉടൻ നാട്ടിലേക്ക് തിരിക്കും.
പൂജയുടെ പേരിൽ വിഡിയോ കോൾ വഴി നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിതയാക്കി എന്നും പിന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നമുള്ള ബെംഗളൂരു സ്വദേശിനിയുടെ പരാതിയാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. പരാതി അന്വേഷിച്ച ബാനസവാടി പൊലീസ് കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്ന് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെ അഞ്ചുപേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ മസാജ് പാർലർ ജീവനക്കാരി രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദര പുത്രൻ കെവി പ്രവീണിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ പ്രവീണിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കും.
പെരിങ്ങോട്ടുകരയിൽ ദേവസ്ഥാനത്തിന് സമീപത്തെ മുറിയിൽ വച്ച് അരുൺ ബലാത്സംഗം ചെയ്തെന്ന് കാട്ടി രത്നയാണ് ബെംഗളൂരു പൊലീസിനെ സമീപിച്ചത്. പിന്നാലെ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നിന്നൊഴിവാക്കാൻ രണ്ടുകോടി രൂപ കേസെടുത്ത ബെലന്തൂർ പൊലീസ് ആവശ്യപ്പെട്ടതോടെ തന്ത്രിയുടെ കുടുംബം കർണാടക ആഭ്യന്തര മന്ത്രി ജി.പരിമേശ്വരയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ അന്വേഷണം ബാനസവാടി എസിപിക്ക് കൈമാറിയത് വഴിത്തിരിവായി.
അരുണിന് ജാമ്യം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പരാതിക്കാർ തന്നെ കുടുങ്ങിയത്. ഹണി ട്രാപ്പിൽ കുടുക്കാൻ 20 ലക്ഷം രൂപയാണ് രത്നയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. നൽകിയത് 8 ലക്ഷവും. ഇക്കാര്യം രത്ന പൊലീസിനോട് സമ്മതിച്ചു. ശരത് മേനോന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ എത്തിയതായും പൊലീസ് കണ്ടത്തെി. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam