
തിരുവനന്തപുരം: ബൈപ്പാസിൽ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു. കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനിൽ രതീഷ് കുമാർ (40) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കാഞ്ഞിരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനങ്ങൾക്കു പിന്നിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനങ്ങൾ ഓടയിലേക്ക് തെറിച്ചുവീണു. ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷം കുറേ ദൂരം ഓടയ്ക്ക് മുകളിലൂടെ സഞ്ചരിച്ചാണ് കാർ നിന്നത്.
അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിൽ സഞ്ചരിച്ച വിഴിഞ്ഞം ചൊവ്വര സ്വദേശി മണിപ്രദീപിന് (60) തലയ്ക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കുകളാണുള്ളത്. അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. കാർ ഓടിച്ച പാറശാല ഇഞ്ചിവിള സ്വദേശി ആസിഫിനെതിരെ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam