
പാലക്കാട്: ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങള്‍ നടു റോഡില്‍. ജില്ലാ ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണം നടക്കുന്ന ഭാഗത്തുനിന്ന് മണ്ണും ചെളിയും ആശുപത്രിയിലെ സിറിഞ്ച് അടക്കമുള്ള മാലിന്യങ്ങളുമാണ് ഒഴുകി റോഡിലെത്തിയത്. ആശുപത്രിയിലെ മാലിന്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന മാലിന്യമാണ് ഒഴുകി റോഡില്‍ എത്തിയത്. ആശുപത്രിക്ക് പിന്നിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ റോഡിലാണ് മാലിന്യങ്ങള്‍ ഒഴുകിയെത്തിയത്. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് സംഭവം. രാത്രി ഒഴുകിയെത്തിയ മണ്ണും മാലിന്യങ്ങളും സമീപത്തെ അഴുക്കുചാലിലുമായി കുമിഞ്ഞുകൂടുകയായിരുന്നു.
രാവിലെ വഴി നടക്കാന്‍ ഇറങ്ങിയവരാണ് മാലിന്യങ്ങള്‍ കണ്ടത്. ഇതുവഴി ആശുപത്രിയിലേക്കും സ്റ്റേഡിയം ബസ്റ്റാന്‍ഡ് ഭാഗത്തേക്കും വാഹനങ്ങളും വഴിയാത്രക്കാരും പോകുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കോമ്പൗണ്ടിലേക്കും മാലിന്യവും മണ്ണും ഒഴുകിയെത്തി. നഗരസഭാധികൃതര്‍ എത്തിയതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് ഇവ ഉച്ചയോടെ ഇവ നീക്കം ചെയ്തു.