ജോലി കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ യാത്രികയെ അടിച്ചു വീഴ്ത്തി വലതു കയ്യിലെ ചെയിൻ കവർന്നു; പാർത്ഥൻ പിടിയിൽ

Published : Oct 18, 2025, 10:03 PM IST
Kayamkulam chain snatching arrest

Synopsis

കായംകുളത്ത് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ടെക്സ്റ്റൈൽ ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ ചെയിൻ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ സ്വദേശിയായ പാർത്ഥനാണ് പിടിയിലായത്. 

കായംകുളം: കായംകുളത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ടെക്സ്റ്റൈൽ ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ ചെയിൻ കവർന്ന കേസിൽ പ്രതി പിടിയിലായി. പത്തിയൂർ വേളൂർ സ്വദേശി ശംഭു എന്ന് വിളിക്കുന്ന പാർത്ഥൻ (27) ആണ് അറസ്റ്റിലായത്. ഒക്ടോബർ 12-ന് രാത്രി 08:30-ഓടു കൂടി കായംകുളം തട്ടാവഴി സ്വദേശിനിയായ യുവതി കായംകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 

കായംകുളം- ചെട്ടികുളങ്ങര റോഡിൽ മുക്കവല ജംഗ്ഷനടുത്ത് വച്ച് മോട്ടോർ സൈക്കിളിൽ പിറകേ പിന്തുടർന്നെത്തിയ പാർത്ഥൻ യുവതിയുടെ വലതു കൈയ്യിലടിച്ച് സ്കൂട്ടറിൽ നിന്നും താഴെ വീഴ്ത്തുകയും വലത് കൈയ്യിൽ കിടന്ന അര പവൻ തൂക്കമുള്ള സ്വർണ്ണ കൈ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്ത് മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയുമായിരുന്നു. നല്ല മഴയും ഇരുട്ടുമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഹെൽമറ്റും രണ്ട് കൈകളിലും കറുത്ത ഗ്ലൗസും ധരിച്ചെത്തിയ പ്രതി കൃത്യം നടത്തിയത്. തുടർന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളിന്‍റെ വിവരങ്ങൾ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തു.

ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷണ മുതൽ ഓച്ചിറയിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റതായി പറയുകയും ചെയ്തു. തുടർന്ന് പ്രതിയുമായി സ്വർണ്ണക്കടയിലെത്തി സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷണ മുതൽ വിൽക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. തൊണ്ടിമുതൽ കണ്ടെത്തി. പ്രതിയായ പാർത്ഥൻ മുമ്പ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രണ്ട് ദേഹോപദ്രവ കേസുകളിലും, മാവേലിക്കര പോലീസ് സ്റ്റേഷനിൽ ഒരു കഠിന ദേഹോപദ്രവ കേസിലും പ്രതിയായിട്ടുള്ള ആളാണ്. കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, പ്രവീൺ, അനു, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ